ഡാവോസ് : യുഎസ് സംസ്ഥാനമാകാൻ തയ്യാറായാൽ കാനഡയ്ക്ക് താരിഫുകൾ ഒഴിവാക്കാൻ കഴിയുമെന്ന് ഡോണൾഡ് ട്രംപ്. അല്ലാത്തപക്ഷം കനേഡിയൻ ഉല്പന്നങ്ങൾക്ക് 25% വരെ നികുതി ചുമത്തുമെന്ന ഭീഷണിയും ട്രംപ് ആവർത്തിച്ചു. ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പരാമർശം. യുഎസിന് കാനഡയുടെ ഊർജമോ വാഹനമോ ആവശ്യമില്ലെന്നും, കാനഡയ്ക്കൊപ്പം പ്രവർത്തിച്ചു പോകാൻ ബുദ്ധിമുട്ടാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, എണ്ണ വില കുറയ്ക്കാൻ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ OPEC+ സഖ്യത്തോട് ആവശ്യപ്പെടാൻ പോകുകയാണെന്ന് യു എസ് പ്രസിഡന്റ് പറയുന്നു. യുഎസ് ഊർജ്ജ മേധാവിത്വത്തെക്കുറിച്ച് പ്രചാരണം നടത്തിയ ട്രംപ് ഈ ആഴ്ച ആദ്യം ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടിരുന്നു. യുഎസിലേക്ക് ഉല്പാദനം കൊണ്ടുവരികയാണെങ്കിൽ ആ രാജ്യങ്ങൾക്ക് നികുതി കുറയ്ക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അല്ലാത്തവർക്ക് താരിഫ് ചുമത്തുമെന്നും പ്രഖ്യാപിച്ചു.

ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനു ശേഷം, ആവശ്യമെങ്കിൽ പ്രതികാര താരിഫുകൾ ഉപയോഗിച്ച് കാനഡ തിരിച്ചടിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിരുന്നു. അതേസമയം, യുഎസും കാനഡയും തമ്മിലുള്ള വ്യാപാര ബന്ധവും സങ്കീർണ്ണമാണ്. 20000-25000 കോടി ഡോളർ വ്യാപാര കമ്മി സംബന്ധിച്ച് കാനഡയുമായി അമേരിക്ക സ്വരച്ചേർച്ചയിലല്ല. മെക്സിക്കോയ്ക്ക് പിന്നിൽ കാനഡയാണ് രണ്ടാമത്തെ വലിയ യുഎസ് വ്യാപാര പങ്കാളി.
