ലണ്ടന്‍: വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ്. സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരൻ ജിഹാദ് അല്‍ ഷാമി (35) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. അതേസമയം കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് വെടിയേറ്റ മുറിവുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അക്രമിയുടെ പക്കൽ തോക്ക് ഇല്ലായിരുന്നുവെന്നും, പൊലീസ് വെടിവെപ്പിൽ സംഭവിച്ചതാണെന്ന് സംശയിക്കുന്നതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് മേധാവി സ്റ്റീഫൻ വാട്സൺ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾക്കും വെടിയേറ്റിട്ടുണ്ട്. വ്യാഴാഴ്ച മാഞ്ചസ്റ്റർ നഗരപ്രാന്തമായ ക്രംപ്സാളിലെ ഹീറ്റൺ പാർക്ക് കോൺഗ്രിഗേഷൻ സിനഗോഗിൽ നടന്ന ആക്രമണത്തിൽ പ്രദേശവാസികളായ അഡ്രിയാൻ ഡോൾബി (53), മെൽവിൻ ക്രാവിറ്റ്സ് (66) എന്നിവർ മരിച്ചിരുന്നു. മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോള്‍ബിയും ക്രാവിറ്റ്‌സും ക്രംപ്സലിലെ ജൂത കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു.

ജൂത കലണ്ടറിലെ ഏറ്റവും വിശേഷ ദിനമായ യോം കിപ്പൂരിൽ ഓർത്തഡോക്സ് സിനഗോഗിൽ ആളുകൾ ഒത്തുകൂടിയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണം നടന്ന സമയത്ത് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു സഭയുടെ സിനഗോഗിൽ ആരാധനയ്ക്കായി ധാരാളം ആളുകളെത്തിയിരുന്നു. സിനഗോഗിനു പുറത്ത് ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
