ടൊറൻ്റോ : ഒൻ്റാരിയോ സർക്കാരിന് സ്കൂൾ ബോർഡുകളിൽ കൂടുതൽ നിയന്ത്രണം നൽകുന്ന വിവാദ ബിൽ, ‘ബിൽ 33’ (Bill 33) അന്തിമ വോട്ടെടുപ്പിൽ പാസായി. സപ്പോർറ്റിങ് ചിൽഡ്രൻ ആൻഡ് സ്റ്റുഡന്‍റസ് ആക്റ്റ് (Supporting Children and Students Act) എന്നറിയപ്പെടുന്ന ഈ ബിൽ സ്കൂൾ ബോർഡ് തീരുമാനങ്ങൾ മറികടക്കാനും ട്രസ്റ്റികളെ നീക്കം ചെയ്യാനും നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സ്ഥാപിക്കാനുമുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി നൽകും. എന്നാൽ, സ്കൂൾ ബോർഡുകളുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുകയും വിദ്യാഭ്യാസ മന്ത്രിക്ക് അമിതാധികാരം നൽകുകയും ചെയ്യുന്നതാണ് ഈ നീക്കമെന്ന് വിമർശകർ വാദിക്കുന്നു.

പുതിയ നിയമപ്രകാരം, സ്കൂൾ ബോർഡുകൾക്കെതിരെ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രിക്ക് അധികാരങ്ങൾ ലഭിക്കും. സ്കൂൾ ബോർഡുകളോ അംഗങ്ങളോ തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ മന്ത്രിക്ക് ഇടപെടാം. മാത്രമല്ല, ബോർഡുകൾക്ക് നേരിട്ട് നിർദ്ദേശങ്ങൾ നൽകാനും, ആ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ബോർഡിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും മന്ത്രിക്ക് സാധിക്കും. കൂടാതെ, സ്കൂൾ ബോർഡുകളുടെ സാമ്പത്തിക കാര്യങ്ങളിലും, സ്കൂളുകൾക്ക് പേരിടുന്നതിലും വിദ്യാഭ്യാസ മന്ത്രിയുടെ അനുമതിയും നിയന്ത്രണവും ഇനി മുതൽ നിർബന്ധമായിരിക്കും.

കൂടാതെ സ്കൂൾ ബോർഡുകൾ പ്രാദേശിക പൊലീസ് സർവീസുകളുമായി സഹകരിക്കണമെന്നും, സ്കൂൾ റിസോഴ്സ് ഓഫീസർ (School Resource Officer) പ്രോഗ്രാമുകൾ നടപ്പിലാക്കണമെന്നും ബിൽ നിർദ്ദേശിക്കുന്നു. ഒപ്പം കോളേജുകളിലെയും സർവകലാശാലകളിലെയും പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാക്കാനും ഫീസ് ഘടന നിയന്ത്രിക്കാനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളും ഈ ബില്ലിലുണ്ട്.
