തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെയും കാസര്‍കോട്ടെയും ജനപ്രതിനിധികളെ സംബന്ധിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അതീവ ഗുരുതരവും ആപല്‍ക്കരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ക്ക് പിന്നാലെയാണ് സജി ചെറിയാന്‍ ഇത്തരമൊരു വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇത് സി.പി.എമ്മിന്റെ കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.
വര്‍ഗ രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയത്തെ പുല്‍കുന്ന മുഖ്യമന്ത്രിയെയാണ് കേരളം ഇന്ന് കാണുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ കാറ്റില്‍ പറത്തി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന് പറഞ്ഞ എ.കെ. ബാലനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറായത് ഇതിന്റെ തെളിവാണ്. സി.പി.എം ബോധപൂര്‍വ്വം നടത്തുന്ന ഇത്തരം വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വര്‍ഗീയതയെ എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമെന്നും അതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുപോകുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയും താനും നേതൃത്വം നല്‍കിയ കാലത്തും സാമുദായിക സംഘടനകള്‍ വിമര്‍ശിച്ചിട്ടുണ്ട്. അതെല്ലാം ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് കോണ്‍ഗ്രസ് രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും അത്തരം കൂട്ടായ്മകള്‍ നാടിന് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനങ്ങളാണിവ. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കി യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ 10 വര്‍ഷമായി കേരളം അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കേണ്ടതുണ്ട്. സി.പി.എമ്മിന്റെ വര്‍ഗീയ അജണ്ട ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
