ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകള്‍ സന്നിധാനത്ത് രണ്ടാം ദിവസവും തുടരുന്നു. എസ്.പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ലീഗല്‍ മെട്രോളജി വിദഗ്ധരുടെ സഹായത്തോടെയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ നടത്തിയ പരിശോധനാ ഫലം തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ പുനഃപരിശോധന നടക്കുന്നത്.
കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെയാണ് പരിശോധനകള്‍ ആരംഭിച്ചത്. ശ്രീകോവിലിന് ചുറ്റുമുള്ള നാല് തൂണുകളിലെ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും ഇളക്കിമാറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇളക്കിമാറ്റിയ ഈ ഭാഗങ്ങള്‍ സന്നിധാനത്ത് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക മുറിയില്‍ വെച്ചാണ് വിദഗ്ധ സംഘം പരിശോധിക്കുന്നത്.

നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ്, ഗുണനിലവാരം, ലോഹക്കൂട്ടുകളിലെ മാറ്റം എന്നിവ കണ്ടെത്തുകയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം. ശേഖരിക്കുന്ന സാമ്പിളുകള്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (BARC) ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. ഈ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമായിരിക്കും അന്വേഷണ സംഘം കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലൂടെ സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തിയും ഇതില്‍ പങ്കാളികളായ വ്യക്തികളെയും കൃത്യമായി കണ്ടെത്താനാകുമെന്നാണ് എസ്.ഐ.ടിയുടെ പ്രതീക്ഷ. വരും ദിവസങ്ങളിലും സന്നിധാനത്ത് പരിശോധന തുടരും.
