Tuesday, February 17, 2026

മൺട്രിയോളിൽ ഭവനരഹിതരുടെ പുനരധിവാസത്തിനായി പുതിയ ടാക്റ്റിക്കൽ ഇന്റർവെൻഷൻ ഗ്രൂപ്പ്

മൺട്രിയോൾ : നഗരം നേരിടുന്ന ഭവനരഹിതരുടെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് പുതിയ ടീമുമായി മൺട്രിയോൾ. മേയർ സൊറായ മാർട്ടിനെസ് ഫെറാഡയുടെ നേതൃത്വത്തിൽ ‘ടാക്റ്റിക്കൽ ഇന്റർവെൻഷൻ ഗ്രൂപ്പ് ഓൺ ഹോംലെസ്സ്നെസ്സ്’ (GITI) നിലവിൽ വന്നു. നിലവിലെ താൽക്കാലിക പ്രതിസന്ധി പരിഹാര സംവിധാനങ്ങൾക്ക് പകരം കൂടുതൽ ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുതാര്യവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയാണ് സമിതിയുടെ ലക്ഷ്യം. കെബെക്ക് സർക്കാരിലെ മന്ത്രിമാർ, സിറ്റി ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെറും താൽക്കാലിക ആശ്വാസ നടപടികളിൽ ഒതുങ്ങാതെ, ശരിയായ ഏകോപനത്തിലൂടെ ഓരോ വ്യക്തിക്കും ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

ക്ലോഡ് പിനാർഡ് അധ്യക്ഷനായ സമിതി രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വരാനിരിക്കുന്ന വസന്തകാലത്തെ വെല്ലുവിളികൾക്കായി മുൻകൂട്ടി തയ്യാറെടുക്കുകയും ചെയ്യും. പ്രത്യേകിച്ചും തെരുവുകളിലെ ടെന്റുകളിലും താൽക്കാലിക ഷെഡുകളിലും താമസിക്കുന്നവരുടെ സുരക്ഷയും സമീപവാസികളുടെ സൗകര്യങ്ങളും ഒരേപോലെ ഉറപ്പാക്കുന്നതിനായി സമിതി പ്രത്യേക ശ്രദ്ധ നൽകും. വരും മാസങ്ങളിൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഡാഷ്‌ബോർഡും സേവന മാപ്പുകളും സമിതി പുറത്തിറക്കും. ഈ പുതിയ ഘടനയിലൂടെ അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നതിലുപരി കൃത്യമായ ആസൂത്രണത്തിലൂടെയുള്ള ശാശ്വത പരിഹാരമാണ് മൺട്രിയോൾ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!