കാൽഗറി : സായുധ സംഘട്ടനങ്ങളെത്തുടർന്ന് മെക്സിക്കോയിൽ കുടുങ്ങിയ കനേഡിയൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച രാത്രി കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. ക്രിമിനൽ സംഘങ്ങൾ (Cartel) തമ്മിലുള്ള ഏറ്റുമുട്ടലും അക്രമവും കാരണം ആശങ്കയിലായ കാനഡക്കാർ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ നിന്നും തിരിച്ചുമുള്ള വിമാന സർവീസ് പുനഃരാരംഭിച്ചതോടെയാണ് മടങ്ങിയെത്തിയത്. കാല്‍ഗറിയില്‍ എത്തിയവരിൽ ചിലർ മെക്സിക്കന്‍ തെരുവുകളില്‍ സൈന്യത്തെ കണ്ടതായും നിരവധി ഗ്യാസ് സ്റ്റേഷനുകളും കണ്‍വീനിയന്‍സ് സ്റ്റോറുകളും തീവെച്ച് നശിപ്പിച്ചതായും ബസുകള്‍ തടഞ്ഞതായും പറഞ്ഞു. അതേസമയം മെക്സിക്കന്‍ പൗരന്മാർ തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരിശ്രമിച്ചതായും അവർ പറഞ്ഞു. എന്നാൽ നിരവധി കനേഡിയൻ പൗരന്മാർ ഇപ്പോഴും മെക്സിക്കയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും കാനഡയിൽ തിരിച്ചെത്തിയവർ പറയുന്നു.

കുപ്രസിദ്ധ മയക്കുമരുന്ന് തലവന്‍ നെമെസിയോ ഒസെഗുര സെര്‍വാന്‍റസിനെ(എല്‍ മെന്‍ചോ) സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മെക്സിക്കോയിൽ പെട്ടെന്നുള്ള സംഘർഷത്തിന് കാരണമായത്. ഇതിനെത്തുടർന്ന് റോഡ് ഉപരോധം, വെടിവെയ്പ്പ്, തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ വിനോദസഞ്ചാരികളോട് ഹോട്ടലുകൾക്ക് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. റിസോർട്ടുകൾക്കുള്ളിൽ തങ്ങൾ സുരക്ഷിതരായിരുന്നുവെന്നും ഭക്ഷണത്തിനോ മറ്റ് സൗകര്യങ്ങൾക്കോ ബുദ്ധിമുട്ട് ഉണ്ടായില്ലെന്നും ചില യാത്രക്കാർ അഭിപ്രായപ്പെട്ടു.

ശൈത്യകാലത്ത് ലക്ഷക്കണക്കിന് കാനഡക്കാരാണ് മെക്സിക്കോയിൽ സന്ദർശനം നടത്താറുള്ളത്. നിലവിലെ കണക്കനുസരിച്ച് പ്യൂർട്ടോ വല്ലാർട്ട ഉൾപ്പെടുന്ന ജാലിസ്കോ മേഖലയിൽ നിന്ന് മാത്രം പതിനാറായിരത്തിലധികം കനേഡിയൻ പൗരന്മാർ ഗ്ലോബൽ അഫയേഴ്‌സ് കാനഡയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനെത്തുടർന്ന് വിമാന സർവീസുകൾ പുനഃരാരംഭിച്ചിട്ടുണ്ട്.
