ഓട്ടവ : പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റതിന്‍റെ ഒന്നാം വാർഷികത്തിൽ, ഫെഡറൽ ലിബറലുകൾക്ക് റെക്കോർഡ് ജനപിന്തുണ ലഭിച്ചതായി പുതിയ സർവേ. അതേസമയം കഴിഞ്ഞ വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിന് മുമ്പ് വരെ മേധാവിത്വം പുലർത്തിയിരുന്ന കൺസർവേറ്റീവുകൾ ഇപ്പോൾ മാസങ്ങളായി ലിബറലുകൾക്ക് പിന്നിലാണ്. 47.6% ജനപിന്തുണ ലിബറൽ പാർട്ടി സ്വന്തമാക്കിയതായി നാനോസ് റിസർച്ചിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവുകൾക്കുള്ള പിന്തുണ 31.1 ശതമാനമായി കുറഞ്ഞു. മറ്റൊരു പ്രധാന പാർട്ടിയായ എൻഡിപിക്ക് 11.2% ജനപിന്തുണയുണ്ടെന്നും നാനോസ് സർവേ കണ്ടെത്തി.

2025 ജനുവരി 10 വരെ നാനോസ് ബാലറ്റ് ട്രാക്കിൽ 47 ശതമാനം പിന്തുണ നേടിയ അവസാന പാർട്ടി പിയേർ പൊളിയേവിന്‍റെ കൺസർവേറ്റീവുകളായിരുന്നുവെന്ന് നാനോസ് റിസർച്ച് ചീഫ് ഡാറ്റാ സയൻ്റിസ്റ്റ് നിക്ക് നാനോസ് പറയുന്നു. പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനും സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം കനേഡിയൻ പൗരന്മാരും കാർണിയെ ചൂണ്ടിക്കാട്ടുന്നു. സർവേ പ്രകാരം 56.5% പേരും കാർണിയെ തിരഞ്ഞെടുക്കുമ്പോൾ 22.0% ആളുകളുടെ പിന്തുണ മാത്രം ലഭിച്ച പിയേർ വളരെ പിന്നിലാണ്.
