ടൊറൻ്റോ : പ്രീമിയർക്കെതിരെയും കാബിനറ്റ് മന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ ഉയരുന്നതിനിടെ 14 ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഒൻ്റാരിയോ നിയമസഭ തിങ്കളാഴ്ച വീണ്ടും യോഗം ചേരും. നേരെ ബജറ്റ് സീസണിലേക്കാണ് നിയമസഭ വീണ്ടും ചേരുന്നത്.

പ്രീമിയരുടെയും മന്ത്രിമാരുടെയും സെൽഫോൺ രേഖകൾ ഉൾപ്പെടെയുള്ളവ രഹസ്യമായി സൂക്ഷിക്കാനുള്ള സർക്കാർ പദ്ധതിയെക്കുറിച്ചുള്ള വിമർശനങ്ങൾ ഡഗ് ഫോർഡ് സർക്കാർ നേരിടുന്നതിനിടെയാണ് ബജറ്റ് സമ്മേളനത്തിന് ക്വീൻസ് പാർക്ക് ഒരുങ്ങുന്നത്. വസന്തകാല സമ്മേളനത്തിൽ കാബിനറ്റ് അംഗങ്ങളെ വിവരാവകാശ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുമെന്ന് മാർച്ച് 13 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഈ നിയമനിർമ്മാണത്തെക്കുറിച്ച് കടുത്ത വിമർശനമാണ് ഉയരുന്നത്. ചില പ്രത്യേക വിഷയങ്ങളിൽ സൂക്ഷ്മപരിശോധന ഒഴിവാക്കുന്നതിനുള്ള ഒരു തന്ത്രമാണിതെന്ന് ഇടക്കാല ലിബറൽ ലീഡർ ജോൺ ഫ്രേസർ വൈൽഡ് ആരോപിക്കുന്നു.
