വാഷിങ്ടണ്‍: നാറ്റോ (NATO) സഖ്യകക്ഷികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് സഹായം ആവശ്യമുള്ള ഘട്ടങ്ങളില്‍ നാറ്റോ കൂടെയുണ്ടായിരുന്നില്ലെന്നും, ഭാവിയില്‍ അത്തരമൊരു സാഹചര്യം വന്നാല്‍ അവര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു. ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡിനെ ‘മോശം ഭരണത്തിന് കീഴിലുള്ള ഐസ് കഷ്ണം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, നാറ്റോ അംഗങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
ഇറാന്‍ വിഷയത്തില്‍ അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കാത്ത നാറ്റോ അംഗങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ വൈറ്റ് ഹൗസ് ആലോചിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസമയത്ത് സഹകരിക്കാത്ത രാജ്യങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാനും, പകരം അമേരിക്കയുമായി വിശ്വസ്തത പുലര്‍ത്തുന്ന രാജ്യങ്ങളിലേക്ക് കൂടുതല്‍ സൈനിക വിന്യാസം നടത്താനുമാണ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതിയെന്ന് സൂചനയുണ്ട്. ഇറാനിലേക്കുള്ള സൈനിക വിമാനങ്ങള്‍ക്ക് സ്‌പെയിന്‍ വ്യോമാതിര്‍ത്തി നിഷേധിച്ചതും, ഇറ്റലി തങ്ങളുടെ വ്യോമതാവളത്തില്‍ അമേരിക്കന്‍ സേനയ്ക്ക് പ്രവേശനം വിലക്കിയതും ട്രംപിനെ പ്രകോപിപ്പിച്ച പ്രധാന ഘടകങ്ങളാണ്.

ജര്‍മ്മനി ഉള്‍പ്പെടെയുള്ള പ്രമുഖ നാറ്റോ രാജ്യങ്ങള്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ പരസ്യമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍, സഖ്യത്തിനുള്ളിലെ വിള്ളല്‍ കൂടുതല്‍ വ്യക്തമാകുകയാണ്. നാറ്റോയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ട്രംപിന്റെ ഈ നീക്കങ്ങള്‍ ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. അമേരിക്കയോട് സഹകരിക്കാത്ത രാജ്യങ്ങള്‍ക്കുള്ള ‘ശിക്ഷ’ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
