ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആറാഴ്ച പിന്നിടുമ്പോൾ, നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ കടുത്ത നാവിക ഉപരോധവുമായി അമേരിക്ക. ഇതിനെ പരിഹസിച്ച് ഇന്ത്യൻ നഗരങ്ങളിലെ ഇറാൻ കോൺസുലേറ്റുകൾ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ‘മീം യുദ്ധം’ മുറുകുകയാണ്.
ഹെെദരാബാദ് ഇറാൻ കോൺസുലേറ്റ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാണ്: “ഹോർമുസ് കടലിടുക്ക് സോഷ്യൽ മീഡിയയല്ല. അവിടെ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താൽ, തിരിച്ച് അവരെ ബ്ലോക്ക് ചെയ്യാൻ കഴിയില്ല.” അമേരിക്കയുടെ ഉപരോധ നീക്കങ്ങൾ പ്രായോഗികമല്ലെന്നാണ് ഇതിലൂടെ ഇറാൻ അർത്ഥമാക്കുന്നത്. മുംബൈയിലെ ഇറാൻ കോൺസുലേറ്റും ബോളിവുഡ് സിനിമയായ ഒരു തമാശ രംഗം പങ്കുവെച്ചുകൊണ്ട് അമേരിക്കയെ പരിഹസിച്ചു.

ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. അമേരിക്കയുടെ നടപടിയെ ‘കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. തങ്ങളുടെ തുറമുഖങ്ങൾക്ക് ഭീഷണിയുണ്ടായാൽ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്റെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായ ചൈന, അമേരിക്കയുടെ നീക്കത്തെ “അപകടകരവും നിരുത്തരവാദപരവും” എന്ന് വിശേഷിപ്പിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി ഇറാനിലേക്കുള്ള ഫണ്ട് തടയാനും ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്താനുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. എന്നാൽ നയതന്ത്ര ചർച്ചകൾ പാതിവഴിയിൽ നിലച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
