വാഷിങ്്ടണ്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ലോകത്തെയും യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക-ഇറാന് സംഘര്‍ഷത്തില്‍ മഞ്ഞുരുക്കത്തിന് സാധ്യത. ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാക്കിസ്ഥാനില്‍ നടന്നേക്കുമെന്നും, ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്നതിന്റെ കാലാവധിയെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. 5 മുതല്‍ 10 വര്‍ഷം വരെ എന്ന ഇറാന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി 20 വര്‍ഷമെന്ന കര്‍ശന നിലപാടിലാണ് അമേരിക്ക. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുന്നുണ്ടെങ്കിലും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് യുഎസ് സേന വിട്ടുനില്‍ക്കുന്നത് ആശ്വാസകരമാണ്. അമേരിക്കന്‍ സെനറ്റില്‍ ട്രംപിന്റെ യുദ്ധാധികാരം പരിമിതപ്പെടുത്താനുള്ള നീക്കങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.

അതേസമയം, ദക്ഷിണ ലബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം കടുക്കുകയാണ്. വെടിനിര്‍ത്താന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടെങ്കിലും ഇസ്രയേല്‍ ഇതിന് തയ്യാറായിട്ടില്ല. ലബനാന്-ഇസ്രയേല്‍ പ്രതിനിധികള്‍ അമേരിക്കയില്‍ വെച്ച് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
