Thursday, April 23, 2026

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’: രൂക്ഷവിമര്‍ശനവുമായി ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ

ബമെന്‍ഡ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വാക്‌പോര് മുറുകുന്നതിനിടെ, ലോകനേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ സംഘര്‍ഷബാധിത മേഖലയായ ബമെന്‍ഡ സന്ദര്‍ശിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു കൂട്ടം നിഷ്ഠൂരരായ ഭരണാധികാരികള്‍ ചേര്‍ന്ന് ലോകത്തെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദൈവനാമം സ്വന്തം രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവരെ മാര്‍പാപ്പ ശക്തമായി അപലപിച്ചു. ‘കൊല്ലുന്നതിനും നശിപ്പിക്കുന്നതിനുമായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്ന നേതാക്കള്‍ ഒരു കാര്യം ഓര്‍ക്കണം; നശിപ്പിക്കാന്‍ ഒരു നിമിഷം മതിയാകും, എന്നാല്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ വേണ്ടിവരും,’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പത്ത് വര്‍ഷത്തോളമായി തീവ്രവാദവും ആഭ്യന്തര കലഹവും മൂലം രക്തച്ചൊരിച്ചില്‍ തുടരുന്ന കാമറൂണിലെ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ആഫ്രിക്കയിലെ നാല് രാജ്യങ്ങളിലായി നടത്തുന്ന 11 ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മാര്‍പാപ്പ കാമറൂണിലെത്തിയത്. യുദ്ധക്കൊതിയന്മാരായ ഒരുവിഭാഗം ലോകത്തെ തകര്‍ക്കുമ്പോള്‍, സ്‌നേഹവും കാരുണ്യവുമുള്ള സാധാരണക്കാരാണ് ഈ ലോകത്തെ താങ്ങിനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!