Wednesday, April 29, 2026

”പാർട്ടി വിടാൻ ലിബറലുകൾ സമീപിച്ചു” വെളിപ്പെടുത്തലുമായി കൺസർവേറ്റീവ് എം.പി കെല്ലി ഡിറിഡർ

‌‌ടൊറൻ്റോ: കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടി കൂറുമാറാൻ നിർബന്ധിച്ചുവെന്ന വെളിപ്പെടുത്തലുമായി കൺസർവേറ്റീവ് എം.പി കെല്ലി ഡിറിഡർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കിച്ചനർ സെന്ററിൽ നിന്നുള്ള പാർലമെന്റ് അംഗമായ ഡിറിഡർ തനിക്ക് ലഭിച്ച ഫോൺ കോളുകളെക്കുറിച്ചും വാഗ്ദാനങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയത്. ഡിറിഡർ പാർലമെന്ററി കമ്മിറ്റികളിൽ നടത്തുന്ന പ്രവർത്തനങ്ങളെ പുകഴ്ത്തിയ ലിബറൽ പ്രതിനിധികൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജയിക്കാൻ ലിബറൽ പക്ഷത്തേക്ക് മാറുന്നതാണ് നല്ലതെന്ന് ഉപദേശിച്ചതായും അവർ പറഞ്ഞു. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ പോളിസി എന്നീ മേഖലകളിലുള്ള അവരുടെ താത്‌പര്യം ലിബറൽ ടീമിന് ഗുണകരമാകുമെന്നായിരുന്നു തനിക്ക്‌ ലഭിച്ച പ്രധാന വാഗ്‌ദാനമെന്നും അവർ വെളിപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയും ഗ്രീൻ പാർട്ടിയും സംയുക്തമായി ഒരു സ്ഥാനാർത്ഥിയെ നിർത്തുമെന്നും അതിനാൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി തുടർന്നാൽ ഡിറിഡറിന് ജയിക്കാൻ കഴിയില്ലെന്നും പറഞ്ഞ് തന്നെ ഭയപ്പെടുത്താൻ ശ്രമിച്ചതായും അവർ പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങൾ ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മെയ് പൂർണ്ണമായും തള്ളി. ലിബറലുകളുമായി ചേർന്ന് ഇത്തരമൊരു നീക്കം പാർട്ടി നടത്തുന്നില്ലെന്നും ഇത് വെറും കള്ളപ്രചരണമാണെന്നും അവർ പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി കൺസർവേറ്റീവ് എം.പിമാർ ലിബറൽ പാർട്ടിയിലേക്ക് കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിറിഡറുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്. താൻ തന്റെ വോട്ടർമാരോടും പാർട്ടിയോടും വിശ്വസ്തത പുലർത്തുമെന്നും ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കുമെന്നും ഡിറിഡർ പറഞ്ഞു. 2025 ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ 358 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡിറിഡർ ഗ്രീൻ പാർട്ടിയുടെ മൈക്ക് മോറിസിനെ പരാജയപ്പെടുത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!