വാഷിങ്ടൺ: ഭാര്യാഭർത്താക്കന്മാർ വേർപിരിയുകയോ അകന്നു കഴിയുകയോ ചെയ്യുമ്പോൾ, കുട്ടികളുടെ വളർച്ചയ്ക്കും ആവശ്യങ്ങൾക്കുമായി വരുമാനമുള്ള പങ്കാളി നൽകേണ്ട സംരക്ഷണത്തുക (Child Support) കുടിശ്ശിക വരുത്തിയവർക്കെതിരെ കടുത്ത നടപടിയുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. വലിയ തുക കുടിശ്ശിക വരുത്തിയ ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു. വെള്ളിയാഴ്ച മുതൽ ഈ നടപടി നിലവിൽ വരും. ആദ്യഘട്ടത്തിൽ ഒരു ലക്ഷം ഡോളറോ അതിലധികമോ കുടിശ്ശികയുള്ള ഏകദേശം 2,700 പേരുടെ പാസ്‌പോർട്ടുകളാണ് റദ്ദാക്കുന്നത്.
നിലവിൽ പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിക്കുമ്പോൾ മാത്രമായിരുന്നു ഇത്തരം കുടിശ്ശികകൾ പരിശോധിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, 2,500 ഡോളറിൽ കൂടുതൽ കുടിശ്ശികയുള്ള ആരുടെയും പാസ്‌പോർട്ട് ഏതുസമയത്തും റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ടാകും. കുടിശ്ശിക പൂർണ്ണമായും അടച്ചുതീർത്താൽ മാത്രമേ ഇവർക്ക് വീണ്ടും പാസ്‌പോർട്ടിന് അപേക്ഷിക്കാനോ അന്താരാഷ്ട്ര യാത്രകൾ നടത്താനോ സാധിക്കൂ. ഇത്തരത്തിൽ കർശന നടപടി സ്വീകരിക്കുന്നത് മാതാപിതാക്കളെ തങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തം നിറവേറ്റാൻ പ്രേരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പാസ്‌പോർട്ട് റദ്ദാക്കപ്പെടുന്നവർക്ക് അത് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയില്ലെന്ന് സർക്കാർ ഔദ്യോഗികമായി അറിയിക്കും. വിദേശത്തായിരിക്കുമ്പോഴാണ് പാസ്‌പോർട്ട് റദ്ദാക്കപ്പെടുന്നതെങ്കിൽ, അവർക്ക് തിരികെ അമേരിക്കയിലേക്ക് വരാൻ തൊട്ടടുത്തുള്ള യുഎസ് എംബസി വഴി അടിയന്തര യാത്രാ രേഖകൾ (Emergency Travel Document) വാങ്ങേണ്ടി വരും. 1998 മുതൽ നിലവിലുള്ള ഈ പദ്ധതിയിലൂടെ ഇതുവരെ ദശലക്ഷക്കണക്കിന് ഡോളർ കുടിശ്ശിക ഇനത്തിൽ ഈടാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
