Sunday, May 10, 2026

എഐഎഡിഎംകെ പിളര്‍പ്പിലേക്ക്; എടപ്പാടിക്കെതിരെ 36 എംഎല്‍എമാര്‍ രംഗത്ത്, നിയമസഭയില്‍ വിജയ് യെ പിന്തുണച്ചേക്കും

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് എഐഎഡിഎംകെ പിളര്‍പ്പിലേക്ക്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ച് മുന്‍ മന്ത്രി സി.വി. ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ 36 എംഎല്‍എമാരാണ് പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ പൊതുതാല്‍പര്യത്തേക്കാള്‍ ഉപരി സ്വന്തം നിലനില്‍പ്പിനായി പളനിസ്വാമി ശ്രമിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ പ്രധാന ആരോപണം. ബിജെപി സഖ്യം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും, ഇതിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

വിമത നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.വി. ഷണ്‍മുഖം, എസ്.പി. വേലുമണി തുടങ്ങിയ പ്രമുഖ നേതാക്കള്‍ നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകവുമായി (ടിവികെ) ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. എടപ്പാടി പളനിസ്വാമി ഡിഎംകെ പിന്തുണ തേടുന്നത് വോട്ടര്‍മാരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ച ഷണ്‍മുഖം വിഭാഗം, തങ്ങളാണ് ‘യഥാര്‍ത്ഥ എഐഎഡിഎംകെ’ എന്ന് അവകാശപ്പെട്ട് സഭയില്‍ പ്രത്യേക ഗ്രൂപ്പായി മാറാനുള്ള തയ്യാറെടുപ്പിലാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകുകയാണെങ്കില്‍ വിജയ്യെ പിന്തുണയ്ക്കാനാണ് ഇവരുടെ പ്രാഥമിക തീരുമാനം.

വിമത എംഎല്‍എമാര്‍ തിങ്കളാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തോടെ തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങള്‍ അടിമുടി മാറുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സി.വി. ഷണ്‍മുഖത്തിന്റെ വസതിയില്‍ ഒത്തുചേര്‍ന്ന 36 എംഎല്‍എമാരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ രാഷ്ട്രീയ നീക്കം എടപ്പാടി പളനിസ്വാമിക്ക് കനത്ത വെല്ലുവിളിയാകുമ്പോള്‍, പുതിയ കക്ഷിയായ ടിവികെയ്ക്ക് നിയമസഭയില്‍ നിര്‍ണ്ണായക സ്വാധീനം നേടിക്കൊടുക്കാനും സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!