മോസ്കോ: നീണ്ടുനില്‍ക്കുന്ന യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറാണെന്ന സൂചന നല്കി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. മോസ്കോയില്‍ നടന്ന വിക്ടറി ഡേ പരേഡിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ്, യുക്രെയ്നുമായി നയതന്ത്രപരമായ പരിഹാരം ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്. ശാശ്വതമായ സമാധാനത്തിനുള്ള ധാരണയിലെത്തുകയാണെങ്കില്‍ യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്നും പുടിന് പ്രഖ്യാപിച്ചു.
യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പുടിന്റെ പ്രസ്താവന ആഗോളതലത്തില്‍ വലിയ ആശ്വാസമാണ് പകരുന്നത്. യൂറോപ്യന്‍ നേതാക്കളുടെ മധ്യസ്ഥതയെക്കുറിച്ചുള്ള ചോദ്യത്തിന്, മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗെഹാര്‍ഡ് ഷൂഡ്രറെ മധ്യസ്ഥനായി താന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് പുടിന് മറുപടി നല്കി. യുക്രെയ്നും റഷ്യയും തമ്മില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുടിന്റെ ഈ നിര്‍ണ്ണായക നീക്കം. ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം യുദ്ധത്തിന്റെ അന്ത്യത്തിന് നാന്ദികുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, യുദ്ധത്തില്‍ റഷ്യ പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ച പാശ്ചാത്യ രാജ്യങ്ങളെ പുടിന് രൂക്ഷമായി വിമര്‍ശിച്ചു. റഷ്യ ഉടന്‍ തകരുമെന്ന ചില രാജ്യങ്ങളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന് അദ്ദേഹം പരിഹസിച്ചു. കീവിന് സൈനിക പിന്തുണ നല്കുന്ന രാജ്യങ്ങള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണെന്നും അതില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും പുടിന് കുറ്റപ്പെടുത്തി. യുദ്ധം ഇപ്പോഴും ഗൗരവകരമായി തുടരുന്നുണ്ടെങ്കിലും നയതന്ത്ര വഴിയിലൂടെയുള്ള സമാധാന ശ്രമങ്ങള്‍ക്കാണ് ഇനി മുന്‍ഗണനയെന്ന് പുടിന് ആവര്‍ത്തിച്ചു.
