ഓട്ടവ: അമേരിക്കയും മെക്സിക്കോയുമായുള്ള വ്യാപാര കരാർ പുതുക്കുന്നതിന് മുന്നോടിയായി, അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ കാനഡ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിൽ ചില മേഖലകളിൽ ഒത്തൊരുമിച്ച് നിൽക്കുന്നത് ഗുണകരമാകുമെന്നും, ഇതിനായുള്ള ചർച്ചകൾക്ക് കാനഡ മുൻകൈ എടുക്കുമെന്നും അദ്ദേഹം ടൊറന്റോയിൽ നടന്ന യോഗത്തിൽ വ്യക്തമാക്കി.
അതേസമയം, അമേരിക്കയെ മാത്രം ആശ്രയിക്കാതെ ലോകത്തെ മറ്റ് രാജ്യങ്ങളുമായും ശക്തമായ വ്യാപാര ബന്ധം വളർത്തിയെടുക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് വ്യവസായ മന്ത്രി മെലനി ജോളി പറഞ്ഞു. ഇതിനായി വിവിധ രാജ്യങ്ങളുമായി പുതിയ കരാറുകളിൽ കാനഡ ഒപ്പിടുന്നുണ്ട്.

അമേരിക്കയുടെ നിലവിലെ ‘അമേരിക്ക ഫസ്റ്റ്’ എന്ന നയം രാജ്യത്തെ ഒറ്റപ്പെടുത്തുകയാണെന്ന് മുൻ യു.എസ് സെക്രട്ടറി പീറ്റർ ബുട്ടിഗീഗ് വിമർശിച്ചു. സുഹൃദ് രാജ്യങ്ങളെ അകറ്റുന്നത് അമേരിക്കയുടെ വളർച്ചയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആഗോളതലത്തിൽ പുതിയ നേതൃത്വം നൽകാൻ കാനഡയ്ക്ക് സാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ നിലപാട്.
