Saturday, May 16, 2026

`ഇന്ധനവില വര്‍ധന അംഗീകരിക്കാനാവില്ല, പിന്‍വലിക്കണം’; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആദ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിലാണ് വിജയ് കേന്ദ്രത്തിന് എതിരെ രംഗത്തുവന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച കേന്ദ്ര നടപടി അംഗീകരിക്കാനാവില്ലെന്നും ഇന്ധനവില വര്‍ധനവ് അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് കഴിഞ്ഞ ദിവസം എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് വിലകൂട്ടാന്‍ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ആഗോള വിപണിയില്‍ വില കുറയുമ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാത്ത എണ്ണക്കമ്പനികള്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വില വര്‍ധിപ്പിച്ചത് സാധാരണക്കാരുടെയും മധ്യവര്‍ഗത്തിന്റെയും ബജറ്റ് തകര്‍ക്കുമെന്നും ചെറുകിട വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും വിജയ് വ്യക്തമാക്കി.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തോടെ അധികാരത്തിലേറിയ വിജയ് ഇതിനോടകം തന്നെ ഭരണതലത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന 717 മദ്യശാലകള്‍ പൂട്ടിയതായിരുന്നു മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. ഇതിന് പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ ഓഫീസുകളിലെ മന്ത്രിമാരുടെയും വിഐപികളുടെയും ഔദ്യോഗിക കസേരകളില്‍ പരമ്പരാഗതമായി വിരിച്ചുവരാറുള്ള ‘വെളുത്ത തൂവാല സംസ്‌കാരം’ (VIP Towel Culture) അവസാനിപ്പിക്കാനും അദ്ദേഹം മാതൃകാപരമായ തീരുമാനം കൈക്കൊണ്ടു. വിഐപി മേധാവിത്വത്തിന്റെ പ്രതീകമായ ഇത്തരം രീതികള്‍ ഭരണതലത്തില്‍ ഇനി വേണ്ടെന്നാണ് വിജയ്യുടെ നിലപാട്.

മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പുനഃക്രമീകരിക്കണമെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് വിജയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആറ് ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതിയിലും, സ്ത്രീകള്‍ക്കായുള്ള സാമ്പത്തിക സഹായ സ്‌കീമുകളിലും നിലവില്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതോടൊപ്പം ജനകീയമായ ഭരണപരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനാണ് വിജയ്യുടെയും പുതിയ സര്‍ക്കാരിന്റെയും നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!