ടൊറന്റോ: നഗരത്തിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ബില്ലി ബിഷപ്പ് ടൊറന്റോ സിറ്റി എയർപോർട്ട് വികസിപ്പിക്കുന്നതിന് 5 ബില്യൺ ഡോളർ വരെ ചിലവ് വരുമെന്ന് ടൊറന്റോ പോർട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്ത 25 വർഷം കൊണ്ട് ഘട്ടംഘട്ടമായിട്ടായിരിക്കും ഈ തുക വിനിയോഗിക്കുക. വിമാനത്താവള വികസനത്തിന് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കില്ലെന്നും, യാത്രക്കാരിൽ നിന്നും വിമാനക്കമ്പനികളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുകയെന്നും അധികൃതർ അറിയിച്ചു.
പ്രവിശ്യയിലെ ജനസംഖ്യാ വർദ്ധനവും സാമ്പത്തിക വളർച്ചയും മുന്നിൽക്കണ്ടാണ് വിമാനത്താവളത്തിന്റെ ശേഷി കൂട്ടാൻ തീരുമാനിച്ചത്. വലിയ ജെറ്റ് വിമാനങ്ങൾക്ക് ഇവിടെ സർവീസ് നടത്താൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പിലായാൽ ടൂറിസം, ബിസിനസ് മേഖലകളിൽ വലിയ പുരോഗതി ഉണ്ടാകുമെന്നും അല്ലെങ്കിൽ ഭാവിയിൽ വിമാന ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർദ്ധിക്കാൻ ഇത് കാരണമാകുമെന്നും പോർട്ട് അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, ടൊറന്റോ നഗരസഭയെയും ജനങ്ങളെയും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് പ്രവിശ്യാ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതിയെക്കുറിച്ച് കൃത്യമായ ബിസിനസ് പ്ലാനോ പരിസ്ഥിതി പഠനങ്ങളോ ഇതുവരെ നടത്തിയിട്ടില്ലെന്ന് എൻഡിപി (NDP) വക്താവ് ജെസീക്ക ബെൽ കുറ്റപ്പെടുത്തി. 32 ലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുന്ന ടൊറന്റോ നഗരസഭയെ ഈ ചർച്ചകളിൽ ഉൾപ്പെടുത്താത്തതിൽ ടൊറന്റോ മേയർ ഒലിവിയ ചൗവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
