Saturday, May 23, 2026

കാണാതായ കനേഡിയൻ നടൻ സ്റ്റുവർട്ട് മക്ലീന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വൻകൂവർ: കാനഡയിലെ പ്രശസ്ത ടെലിവിഷൻ നടനും നിർമ്മാതാവുമായ സ്റ്റുവർട്ട് മക്ലീനെ (45) മരിച്ച നിലയിൽ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ലയൺസ് ബേയിലുള്ള വസതിയിൽ നിന്നും ഒരു ആഴ്‌ച മുമ്പ്‌ കാണാതായ ഇദ്ദേഹത്തിന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുള്ളതിനെത്തുടർന്ന് കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. മേയ് 15-നാണ് സ്റ്റുവർട്ടിനെ അവസാനമായി കണ്ടത്. തുടർന്ന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി ലഭിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികമായ ചില തെളിവുകൾ ലഭിച്ചതോടെയാണ് പ്രാദേശിക പൊലീസ് കേസ് കൊലപാതക അന്വേഷണ വിഭാഗത്തിന് കൈമാറിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. ദുരന്തം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ നടന്റെ നീക്കങ്ങൾ എന്തൊക്കെയായിരുന്നു എന്ന് കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

നെറ്റ്ഫ്ലിക്സിന്റെ പ്രശസ്ത പരമ്പരകളായ ‘വിർജിൻ റിവർ’, ‘ട്രാവലേഴ്സ്’ സി.ഡബ്ല്യു ചാനലിന്റെ ‘ആരോ’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് സ്റ്റുവർട്ട് മക്ലീൻ. വളരെ ശാന്തനും സ്നേഹസമ്പന്നനുമായ ഒരു വ്യക്തിയായിരുന്നു സ്റ്റുവർട്ട് എന്ന് അയൽവാസികളും സുഹൃത്തുക്കളും ഓർമ്മിക്കുന്നു. തികച്ചും ശാന്തമായ ഒരു പ്രദേശത്ത് ഇത്തരമൊരു ദാരുണ സംഭവം നടന്നതിന്റെ ഞെട്ടലിലാണ് ലയൺസ് ബേയിലെ പ്രാദേശിക സമൂഹം. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ സംശയാസ്പദമായ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!