മുംബൈ: രാജ്യത്തെ ഉള്ളി കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉള്ളിയുടെ വില കുറഞ്ഞതും കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.മഹാരാഷ്ട്രയിലെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവരുന്നത്. കയറ്റുമതി നിയന്ത്രണവും ഉയർന്ന തീരുവയും കാരണം വിപണിയിൽ ഉള്ളിവില കുറഞ്ഞതായി കർഷകർ പറയുന്നു.

കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. 10,000 കോടി രൂപയുടെ സഹായപദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം. ഇതിനൊപ്പം കനത്ത മഴ, വെള്ളപ്പൊക്കം, ആലിപ്പഴ വർഷം തുടങ്ങിയ കാലാവസ്ഥാ പ്രശ്നങ്ങളും ഉള്ളി കൃഷിയെ ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിലവിലെ പ്രതിസന്ധി കർഷകരുടെ ആശങ്ക വർധിപ്പിക്കുകയാണ്.
