ന്യൂഡൽഹി: ചൈന-പാക്കിസ്ഥാൻ സഖ്യത്തിൽ നിന്നുള്ള അതിർത്തി വെല്ലുവിളികളെ പ്രതിരോധിക്കാൻ നിർണായക നീക്കവുമായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. കര, നാവിക, വ്യോമസേനകളുടെ ആണവേതര മിസൈൽ പ്രഹരശേഷി ഒരൊറ്റ കമാൻഡിന് കീഴിൽ ഏകോപിപ്പിച്ചുകൊണ്ട് പുതിയ ‘കൺവെൻഷണൽ മിസൈൽ ഫോഴ്സ്’ (CMF) രൂപീകരിക്കുന്നു. ഇതിനായുള്ള പ്രാഥമിക അനുമതി പ്രതിരോധ മന്ത്രാലയം നൽകിക്കഴിഞ്ഞു. നിലവിൽ മൂന്ന് സേനകളുടെയും കീഴിൽ വ്യത്യസ്ത രീതിയിലാണ് മിസൈൽ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഒരു കുടക്കീഴിൽ വരുന്നതോടെ യുദ്ധസാഹചര്യങ്ങളിൽ അതിവേഗത്തിലും ഏകോപിതമായും പ്രത്യാക്രമണം നടത്താൻ ഇന്ത്യക്ക് സാധിക്കും. ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി അംഗീകാരം നൽകിയ ഈ നിർദ്ദേശത്തിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും (NSA) പിന്തുണയുണ്ട്. കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ സേന ഔദ്യോഗികമായി നിലവിൽ വരും.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ‘റോക്കറ്റ് ഫോഴ്സിനും’, പാകിസ്താന്റെ ‘ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡിനും’ സമാനമായ അത്യാധുനിക സംവിധാനമാണ് ഇന്ത്യയും ഒരുക്കുന്നത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ കോട്ടകൾ തകർക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ, ലക്ഷ്യം തെറ്റാതെ കുതിക്കുന്ന ക്വാസി-ബാലിസ്റ്റിക് മിസൈലുകൾ, ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈൽ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ പുതിയ പ്രത്യേക സേനയുടെ ഭാഗമാകും.
ഇന്ത്യയുടെ കരുത്തുറ്റ മിസൈലുകളായ ബ്രഹ്മോസ്, പ്രളയ്, അഗ്നി പരമ്പരയിലെ മിസൈലുകൾ, തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് സംവിധാനം എന്നിവയായിരിക്കും കൺവെൻഷണൽ മിസൈൽ ഫോഴ്സിന്റെ പ്രധാന ആയുധങ്ങൾ. ആധുനിക യുദ്ധങ്ങളിൽ ദീർഘദൂര പ്രഹരശേഷിക്കുള്ള പ്രാധാന്യം മുൻനിർത്തി രൂപീകരിക്കുന്ന ഈ സംയുക്ത സേനാവിഭാഗം ഭാവിയിൽ ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധ നയങ്ങളുടെ ആണിക്കല്ലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
