ഒട്ടാവ: ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധുനിക വാഹനങ്ങൾ (Connected Vehicles) ഡാറ്റാ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വലിയ ഭീഷണിയാണെന്ന മുന്നറിയിപ്പുമായി കാനഡ സർക്കാർ. വാഹനങ്ങളിലെ സെൻസറുകൾ, ജി.പി.എസ് (GPS), കാമറകൾ എന്നിവ വഴി ശേഖരിക്കപ്പെടുന്ന വിവരങ്ങൾ വിദേശ രാജ്യങ്ങൾക്കോ ശത്രുപക്ഷത്തിനോ ചാരവൃത്തിക്കായി ഉപയോഗിക്കാമെന്ന് കാനഡിയിലെ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
കണക്റ്റഡ് വാഹനങ്ങൾ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനാൽ അവയ്ക്ക് “ഇന്റലിജൻസ് മൂല്യം” ഉണ്ടാകാമെന്ന് പബ്ലിക് സേഫ്റ്റി വകുപ്പിന്റെ ആഭ്യന്തര മെമ്മോ വ്യക്തമാക്കുന്നു. അനധികൃതമായി ഈ ഡാറ്റ ആക്സസ് ചെയ്താൽ വ്യക്തികളുടെ ദിനചര്യയും യാത്രാ മാതൃകകളും നിരീക്ഷിക്കാൻ കഴിയും. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാനഡ സർക്കാർ നിർദേശം നൽകി.

അതേസമയം, വാഹന നിർമ്മാതാക്കളും സർക്കാർ ഏജൻസികളും ചേർന്ന് സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മാർഗനിർദ്ദേശങ്ങളും നിയമങ്ങളും വികസിപ്പിച്ചുവരികയാണെന്നും കാനഡ സർക്കാർ വ്യക്തമാക്കി. ഉപഭോക്താക്കൾ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും സൈബർ സുരക്ഷയും സ്വകാര്യതയും ശ്രദ്ധിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
