ചെന്നൈ: അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിച്ച് ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ഔദ്യോഗികമായി അറിയിച്ചു. രാജി സംബന്ധിച്ച വാർത്താ കുറിപ്പിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജി സ്വീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. രാജിക്ക് പിന്നാലെ അണ്ണാമലൈ ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
ഇതിനുമുമ്പ് ഡൽഹിയിൽ എത്തിയ അണ്ണാമലൈ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ദേശീയ നേതൃത്വത്തെയും കണ്ടിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പാർട്ടി ഉന്നത നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അണ്ണാമലൈ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇന്ന് ഉച്ചയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ അനുയായികളെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഇത് “തുറന്ന സംവാദം” ആയിരിക്കുമെന്നും അദ്ദേഹം മുൻപ് അറിയിച്ചിരുന്നു.

അണ്ണാമലൈ പുതിയ സന്നദ്ധസംഘടന രൂപീകരിക്കാനാണ് സാധ്യതയെന്ന് അദ്ദേഹത്തിന്റെ അനുയായികൾ കരുതുന്നു. പിന്നീട് അത് രാഷ്ട്രീയ പാർട്ടിയായി മാറ്റാനുള്ള സാധ്യതയും റിപ്പോർട്ടുകളിലുണ്ട്. പുതിയ നീക്കത്തിന് ചില പ്രമുഖരുടെ പിന്തുണ ലഭിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
