Thursday, June 11, 2026

കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാർത്ഥികൾ ചികിത്സയിൽ

കൊല്ലം: ഷിഗെല്ല രോഗം കൊല്ലം ജില്ലയിലും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് മുൻപ് വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് അന്ന് രോഗം കണ്ടെത്തിയത്. നിലവിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ഇതോടെ 38 ആയി ഉയർന്നിട്ടുണ്ട്.

മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ലയ്ക്ക് കാരണം. കടുത്ത വയറിളക്കം, വയറുവേദന, ഛർദി, കൂടാതെ പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം വേഗത്തിൽ മൂർച്ഛിക്കാനിടയുള്ളതിനാൽ ശ്രദ്ധ ആവശ്യമാണ്.

ആരോഗ്യവകുപ്പ് രോഗവ്യാപനം തടയുന്നതിനായി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചൂടാക്കിയ ശുദ്ധജലം മാത്രം കുടിക്കുക, കൈകൾ നന്നായി കഴുകുക, വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, ഭക്ഷണം മൂടിവെക്കുക എന്നിവ പ്രധാന നിർദേശങ്ങളാണ്.

പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും പലതവണ ചൂടാക്കി ഉപയോഗിക്കുന്ന രീതി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കരുതെന്നും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ഉപയോഗിച്ച് ജലാംശം നിലനിർത്തണം. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!