ടൊറന്റോ: ഫിഫ ലോകകപ്പിനായി ലക്ഷക്കണക്കിന് ആരാധകർ എത്തുന്നതിനാൽ രോഗവ്യാപന സാധ്യത തടയാൻ പ്രത്യേക നടപടികളുമായി
കാനഡയിലെ ടൊറന്റോയും വൻകൂവറും. മലിനജല പരിശോധനയിലൂടെ അഞ്ചാംപനി, നോറോവൈറസ്, എംപോക്സ് തുടങ്ങിയ രോഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപേ വൈറസ് കണ്ടെത്താൻ ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
മെക്സിക്കോയിൽ വ്യാഴാഴ്ച ആരംഭിച്ച 39 ദിവസത്തെ ടൂർണമെന്റിൽ കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി 65 ലക്ഷത്തിലധികം ആരാധകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള അഞ്ചാംപനി, എബോള, ഹാന്റാവൈറസ് തുടങ്ങിയ രോഗങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ നിരീക്ഷണം ശക്തമാക്കിയത്.
ടൊറന്റോ പബ്ലിക് ഹെൽത്തിന്റെ മെഡിക്കൽ ഓഫീസർ ഡോ. മിഷേൽ മുർത്തിയുടെ നേതൃത്വത്തിൽ സ്റ്റേഡിയങ്ങൾ, ഫാൻ ഫെസ്റ്റിവലുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അധിക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. നിലവിൽ കോവിഡ്-19, ഇൻഫ്ലുവൻസ, ആർ.എസ്.വി. തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്കായി നടത്തുന്ന മലിനജല പരിശോധനയ്ക്കൊപ്പം അഞ്ചാംപനി, നോറോവൈറസ്, എംപോക്സ് എന്നിവയും പരിശോധിക്കും.

വൻകൂവറിൽ ഏഴ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ഏകദേശം 3.5 ലക്ഷം ആരാധകർ നഗരത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ പ്രത്യേക പാരാമെഡിക് സംഘങ്ങളും ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, മയക്കുമരുന്ന് ഉപയോഗം, അമിത മദ്യപാനം, ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, ഗതാഗത അപകടങ്ങൾ എന്നിവയും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണ പരിധിയിലുണ്ട്.
ലോകകപ്പ് കാണാനെത്തുന്നവരോട് ഇടയ്ക്കിടെ കൈകഴുകുക, സുരക്ഷിതമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കുക, അടച്ചിട്ട ഇടങ്ങളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ സംഘടനകൾ നിർദേശിച്ചിട്ടുണ്ട്.
