ഓട്ടവ: എബോള വൈറസ് വ്യാപന ഭീഷണിയെ തുടർന്ന് മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കാനഡ സർക്കാർ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ഥിരതാമസ അപേക്ഷകളുടെ പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിവെച്ചതോടെ 36,000-ത്തിലധികം അപേക്ഷകരെ ഇത് ബാധിച്ചിരിക്കുകയാണ്.
ജൂൺ 12-ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, മെയ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 28 വരെ തുടരും. ആകെ 36,060 സ്ഥിരതാമസ അപേക്ഷകളാണ് നിലവിൽ നടപടിക്രമങ്ങളിൽ നിന്ന് മാറ്റിവെച്ചിരിക്കുന്നത്.
ഇതിനൊപ്പം, കാനഡയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചിരുന്ന ഏകദേശം 1,700 സ്ഥിരതാമസ വീസ ഉടമകൾക്കും യാത്രാ നിയന്ത്രണങ്ങൾ ബാധകമായിട്ടുണ്ട്. പഠന, തൊഴിൽ ആവശ്യങ്ങൾക്കായി അപേക്ഷിച്ചിരുന്ന നിരവധി പേരുടെ താൽക്കാലിക താമസ രേഖകളും സർക്കാർ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

എബോള വൈറസ് പടരാൻ ഉയർന്ന സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് രോഗവ്യാപനം തടയുന്നതിനായാണ് ഈ കർശന നടപടികളെന്ന് കാനഡ സർക്കാർ വിശദീകരിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിയാണ് തീരുമാനം എടുത്തതെന്നും അധികൃതർ അറിയിച്ചു.
അതേസമയം, അടിയന്തര സംരക്ഷണം ആവശ്യമുള്ളവർക്കും മാനുഷിക പരിഗണന അർഹിക്കുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കും. ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അനുമതിയോടെ ചില അപേക്ഷകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ പാസാക്കിയ ബിൽ സി-12 പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ നടപടികൾ കൈക്കൊണ്ടത്. കൂടാതെ, മെയ് 30 മുതൽ ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി പ്രത്യേക ക്വാറന്റൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 29 വരെ ഈ ആരോഗ്യസുരക്ഷാ നടപടികൾ തുടരുമെന്നാണ് അറിയിപ്പ്.
