മേപ്പിൾട്ടൺ ടൗൺഷിപ്പ് വാഹനാപകടം; അഞ്ച് കുട്ടികൾ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക് ഒന്റാറിയോയിലെ വെല്ലിംഗ്ടൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെ ഗ്വെൽഫിന് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മാപിൾട്ടൺ ടൗൺഷിപ്പിലെ വെല്ലിംഗ്ടൺ റോഡ് 12-ഉം ഫോർത്ത് ലൈൻ റോഡും ചേരുന്ന ജംഗ്ഷനിലാണ് അപകടമുണ്ടായത്. പത്ത് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഒരു പാസഞ്ചർ വാനും ഒരാൾ മാത്രമുണ്ടായിരുന്ന ഒരു സപ്പോർട്ട് യൂട്ടിലിറ്റി വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ മരിച്ച അഞ്ച് കുട്ടികളും ഒരേ കുടുംബാംഗങ്ങളാണെന്ന് ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഒ.പി.പി. സൂപ്രണ്ടന്റ് ഡ്വൈറ്റ് തിബ് സ്ഥിരീകരിച്ചു. നാല് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. “ഇത് വാക്കുകൾക്കതീതമായ ദാരുണ നഷ്ടമാണ്. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസിന്റെ പേരിൽ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സമൂഹത്തിനും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,” സൂപ്രണ്ടന്റ് തിബ് പറഞ്ഞു. അപകടത്തിൽ നാല് മുതിർന്നവർക്കും ഒരു ശിശുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. യൂട്ടിലിറ്റി വാഹനത്തിന്റെ ഡ്രൈവർക്കും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടസ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവർത്തകർ ഉടൻ തന്നെ ചികിത്സാ സഹായം നൽകിയതായും, രക്ഷാപ്രവർത്തനത്തിന് സഹായവുമായി രംഗത്തെത്തിയ പൊതുജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒ.പി.പി. ട്രാഫിക് ഇൻസിഡന്റ് മാനേജ്മെന്റ് ആൻഡ് എൻഫോഴ്സ്മെന്റ് ടീം ഏറ്റെടുത്തിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കളെ പൂർണമായി അറിയിക്കുന്ന നടപടികൾ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.
