നിപ, ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻപുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാൻ തങ്ങൾ തയ്യാറല്ല. ഉത്തരവാദിത്തപ്പെട്ടവർക്കിടയിലുള്ള ആശയക്കുഴപ്പം ഇന്നലെയും താൻ ചൂണ്ടിക്കാട്ടി. എന്നാൽ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയിൽ അല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. നിപ പ്രതിരോധത്തിനായി സർക്കാരിന് പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എൽഡിഎഫ് സർക്കാർ കാലത്ത് നില വ്യാപനമുണ്ടായപ്പോഴൊക്കെ ആരോഗ്യമന്ത്രിമാർ ആ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസമായി. മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല. കൺട്രോൾ റൂം ജനപ്രതിനിധികൾ അകന്ന് നിൽക്കേണ്ട സ്ഥലമാണെന്ന തരത്തിലുള്ള പെരുമാറ്റമുണ്ടാകുന്നു. അവരുടെ കൂടി സഹകരണം രോഗപ്രതിരോധത്തിൽ ഉറപ്പാക്കേണ്ടതുണ്ട്. സിസ്റ്റത്തിന്റെ ലപ്പത്തു ഇരിക്കുന്ന ആളെ ഇത്തരമൊരു ഘട്ടത്തിൽ മാറ്റുന്നത് സാധാരണ ഗതിയിൽ പ്രതീക്ഷിക്കുന്ന കാര്യമല്ല. സിസ്റ്റത്തോടുള്ള നിസ്സഹകരണമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. നിയമ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്ക് കൂട്ട് നിന്നില്ല എന്നുള്ളതാണ് ആരോഗ്യ മന്ത്രി തെറ്റായി കാണുന്നത്. സുതാര്യമായ സംവിധാനങ്ങൾ ഇല്ലാതാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം ലക്ഷങ്ങൾ തസ്തികൾക്ക് മറിയുന്ന സ്ഥിതി തിരികെ കൊണ്ട് വരാനാണ് നീക്കമെന്ന് തങ്ങൾ സംശയിക്കുന്നതായും കൂട്ടിച്ചേർത്തു.
