റിയാദ്: പ്രമുഖ ലക്ഷ്വറി വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ‘ഇവോക്ക്’ (Evoque) മോഡലുകളില്‍ എയര്‍ബാഗ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 717 വാഹനങ്ങള്‍ അടിയന്തരമായി തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. 2021 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ വിപണിയിലിറങ്ങിയ മോഡലുകള്‍ക്കാണ് ഈ അടിയന്തര തിരിച്ചുവിളിക്കല്‍ ബാധകമായിരിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹനത്തിന്റെ മുന്‍വശത്തെ പാസഞ്ചര്‍ എയര്‍ബാഗിനാണ് നിര്‍മാണ തകരാര്‍ സംഭവിച്ചിട്ടുള്ളതെന്ന് പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്.
അപകടങ്ങള്‍ സംഭവിക്കുന്ന ഘട്ടത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട എയര്‍ബാഗ് സംവിധാനം വികസിക്കുമ്പോള്‍ അത് പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. എയര്‍ബാഗ് ഇത്തരത്തില്‍ തകരാറിലാകുന്നത് മുന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കാന്‍ കാരണമാകും. അതോടൊപ്പം, എയര്‍ബാഗ് പൊട്ടുമ്പോള്‍ അതില്‍ നിന്നുള്ള കടുത്ത ചൂടുള്ള വാതകങ്ങള്‍ പുറത്തേക്ക് ലീക്ക് ആകുന്നത് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേല്‍ക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

ഈ കാലയളവില്‍ പുറത്തിറങ്ങിയ ലാന്‍ഡ് റോവര്‍ ഇവോക്ക് വാഹനങ്ങളുടെ ഉടമകള്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റീകോള്‍ വെബ്സൈറ്റ് (Recalls.sa) സന്ദര്‍ശിച്ച് തങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പര്‍ അടിയന്തരമായി പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. തകരാര്‍ ബാധിച്ച വാഹനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ലാന്‍ഡ് റോവറിന്റെ സൗദിയിലെ അംഗീകൃത ഡീലര്‍മാരുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ക്കായി സമയം മുന്‍കൂട്ടി ബുക്ക് ചെയ്യണം.
വാഹനങ്ങളുടെ ഈ നിര്‍മാണ തകരാര്‍ ഉടമകളില്‍ നിന്ന് യാതൊരുവിധ പണവും ഈടാക്കാതെ, പൂര്‍ണമായും സൗജന്യമായി പരിഹരിച്ചു നല്‍കാന്‍ ഡീലര്‍മാര്‍ക്ക് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം തകരാര്‍ പരിഹരിക്കാന്‍ വാഹന ഉടമകള്‍ സഹകരിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
