യുഎസും ഇറാനും തമ്മില്‍ രൂപപ്പെട്ട പുതിയ സമാധാന ധാരണയുടെ പശ്ചാത്തലത്തില്‍, കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നിലനിന്നിരുന്ന യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോര്‍മൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇതോടെ പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കപ്പല്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഇന്ധനവും രാസവളവും അടങ്ങിയ കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യറെടുക്കുകയാണ്. ഏകദേശം 40 ഓളം കപ്പലുകളാണ് ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുന്നത്. ഇതില്‍ ഭൂരിഭാഗം കപ്പലുകളിലും എല്‍പിജി (LPG) ഇന്ധനമാണുള്ളത്.
ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഈ കപ്പലുകള്‍ ഇന്ത്യയില്‍ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തുണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് വലിയ തോതില്‍ അയവുവരും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇന്ത്യയിലേക്ക് പുറപ്പെട്ട ഇത്തരം കപ്പലുകളില്‍ ആദ്യത്തേതായ ‘ദിഷ’ (Disha) ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായാണ് (LNG) ഈ കപ്പല്‍ ഇന്ത്യയില്‍ എത്തുന്നത്.

‘ദിഷ’ വിജയകരമായി ഈ സമുദ്രപാത പിന്നിട്ടതോടെ, ഹോര്‍മുസ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ധനവും രാസവളവും അടങ്ങിയ മറ്റ് 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ സാഹചര്യങ്ങള്‍ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്. മുന്‍പ് ഒമാന്‍ തീരത്ത് യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍, കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിരീക്ഷണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.
