ഒരുകാലത്ത് പന്ത് കാലിൽ കിട്ടിയാൽ സ്റ്റേഡിയങ്ങളെ എഴുന്നേൽപ്പിച്ചിരുന്ന ആ മനുഷ്യൻ വീണ്ടും ഫുട്ബോൾ ലോകത്തിന്റെ ചർച്ചകളിൽ നിറയുകയാണ്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ 46-ാം വയസിൽ വീണ്ടും ഫുട്ബോളുമായി കൈകോർക്കുകയാണ്.

വിരമിച്ചതിന് വർഷങ്ങൾക്കുശേഷമാണ് ഇറ്റാലിയൻ മൂന്നാം നിര ക്ലബായ Ravennaയുമായി താരം പുതിയ കരാറിലെത്തിയത്. വാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള ആരാധകർ അത്ഭുതത്തോടെയും ആവേശത്തോടെയും പ്രതികരിച്ചു.
ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ പലരും ഇത് റൊണാൾഡീഞ്ഞോയുടെ കളത്തിലേക്കുള്ള നേരിട്ടുള്ള തിരിച്ചുവരവാണെന്ന് കരുതിയിരുന്നു. എന്നാൽ പിന്നീട് പുറത്തുവന്ന വിവരങ്ങൾ പ്രകാരം സ്ഥിരമായി കളിക്കാനല്ല താരം എത്തുന്നത്.

ക്ലബിന്റെ വളർച്ച, ആഗോള തലത്തിൽ ശ്രദ്ധ നേടൽ, ബ്രാൻഡ് വികസനം തുടങ്ങിയ മേഖലകളിൽ പ്രധാന പങ്കുവഹിക്കാനാണ് റൊണാൾഡീഞ്ഞോ റവെന്നയുമായി ചേരുന്നത്.
ഈ പുതിയ അധ്യായത്തെക്കുറിച്ച് സംസാരിക്കുമ്പോൾ റൊണാൾഡീഞ്ഞോ പറഞ്ഞ വാക്കുകളാണ് ആരാധകരെ കൂടുതൽ സ്പർശിച്ചത്.
“പുതിയ നിറങ്ങൾ, അതേ പുഞ്ചിരി… വീണ്ടും പന്തിനൊപ്പം ഒരു പുതിയ കഥ എഴുതാൻ കാത്തിരിക്കുകയാണ്.”
ഫുട്ബോൾ തന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ ഭാഷയാണെന്നും അതേ ആവേശവും സന്തോഷവും റവെന്നയിലേക്കും കൊണ്ടുവരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
2002 ലോകകപ്പ് ജേതാവും ലോക ഫുട്ബോളിലെ ഏറ്റവും മനോഹരമായ തലമുറകളിലൊന്നിന്റെ മുഖവുമായ റൊണാൾഡീഞ്ഞോ അവസാനമായി പ്രൊഫഷണൽ തലത്തിൽ കളിച്ചത് 2015-ലായിരുന്നു.
വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പേര് ആരാധകരുടെ മനസിൽ നിന്നും അകന്നില്ല. ഇപ്പോൾ വീണ്ടും ഫുട്ബോളിനൊപ്പം നിൽക്കാനുള്ള തീരുമാനം പുതിയ തലമുറയ്ക്കും പഴയ ആരാധകർക്കും ഒരുപോലെ ആവേശം നൽകുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം റവെന്നയുടെ ഔദ്യോഗിക അവതരണ ചടങ്ങ് അമേരിക്കയിലെ മിയാമിയിൽ നടക്കാനാണ് സാധ്യത.
