Sunday, June 21, 2026

‘പാവ ആകാന്‍ ഞാന്‍ തയാറല്ല; അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചു’: ശ്വേത മേനോന്‍

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തിന് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നതായി നടി ശ്വേത മേനോന്‍. ഒരു കൃത്യമായ അജണ്ട വെച്ച് തങ്ങളെ പുറത്താക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നും വെറുമൊരു പാവയായി ഇരുന്നില്ലെങ്കില്‍ ഈ സംഘടന മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും രാജി പ്രഖ്യാപനത്തിന് പിന്നാലെ ശ്വേത മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്വേതയ്ക്ക് പിന്നാലെ നടി ലക്ഷ്മി പ്രിയയും സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചതായി അറിയിച്ചു. ശ്വേത മേനോന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യുവും ഭരണസമിതി സ്ഥാനം രാജിവെച്ചിട്ടുണ്ട്.

കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള ബോധപൂര്‍വ്വമായ അജണ്ടയാണ് ജനറല്‍ ബോഡിയില്‍ നടന്നതെന്ന് ശ്വേത മേനോന്‍ ആരോപിച്ചു. അവിശ്വാസപ്രമേയത്തില്‍ ഒപ്പ് ശേഖരിക്കാന്‍ ആളുകളെ നിര്‍ബന്ധിച്ച് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തങ്ങളുടെ സമിതിയിലെ ട്രഷറര്‍ (ഉണ്ണി ശിവപാല്‍) ഒരു ഒളിച്ചോടിയ ആളായിരുന്നുവെന്നും ശ്വേത തുറന്നടിച്ചു. മെയ് ഒന്നിന് ‘അമ്മ’യിലെ സ്റ്റാഫിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും പൊലീസിലും പരാതി പോയപ്പോള്‍, കമ്മിറ്റിയോട് ഒരു വാക്കുപോലും പറയാതെ അദ്ദേഹം മുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ കൃത്യമായി കണക്കുകള്‍ ചെയ്യാന്‍ സാധിച്ചില്ല.

തങ്ങള്‍ ചുമതലയേറ്റ സെപ്റ്റംബര്‍ ഒന്നാം തീയതി മുതലുള്ള കമ്മിറ്റിയുടെ കണക്കുകളെല്ലാം കൃത്യമാണ്. എന്നാല്‍ ഇതിന് മുന്‍പ് ബാബുരാജ് ചെയ്ത കമ്മിറ്റിയുടെ കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായിരുന്നുവെന്നും അത് സംഘടനയുടെ നാണക്കേട് ഓര്‍ത്ത് മാത്രമാണ് ഇതുവരെ പുറത്തു പറയാതിരുന്നതെന്നും ശ്വേത വ്യക്തമാക്കി. ഇന്ന് മുതല്‍ താന്‍ സംഘടനയുടെ അംഗമല്ലാത്തതിനാല്‍ എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വെറുമൊരു പാവയാകാന്‍ താന്‍ തയ്യാറല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായാണ് ‘അമ്മ’യുടെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ മാത്രമടങ്ങുന്ന ഒരു ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ കടുത്ത ആഭ്യന്തര തര്‍ക്കങ്ങളെയും സാമ്പത്തിക ആരോപണങ്ങളെയും തുടര്‍ന്ന് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയുള്ള 13 അംഗ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ച് പടിയിറങ്ങുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!