Tuesday, June 23, 2026

നാറ്റോയിലും ഇറാന്‍ യുദ്ധത്തിലും പിന്തുണച്ചില്ല; സ്റ്റാര്‍മറുടെ നിലപാടുകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഊര്‍ജ്ജ നയം, കുടിയേറ്റം, അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ സ്റ്റാര്‍മര്‍ വരുത്തിയ ഗുരുതരമായ വീഴ്ചകളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പതനത്തിന് കാരണമായതെന്ന് ട്രംപ് തുറന്നടിച്ചു. ലണ്ടനും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങള്‍ പരസ്യമാക്കുന്നതായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, സ്റ്റാര്‍മറെ ഒരു ‘സുന്ദരനായ മനുഷ്യന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് തന്റെ വിമര്‍ശനങ്ങള്‍ ആരംഭിച്ചത്. വ്യക്തിപരമായി നല്ലൊരു മനുഷ്യനാണെങ്കിലും, ഒരു രാജ്യത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ ബ്രിട്ടന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അദ്ദേഹം പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് ട്രംപ് ചൂണ്ടിക്കാണിച്ചു. ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ സ്റ്റാര്‍മറുടെ രാഷ്ട്രീയ വിടവാങ്ങല്‍ താന്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നതായും ട്രംപ് ഓര്‍മ്മിപ്പിച്ചു.

ബ്രിട്ടന്റെ ഊര്‍ജ്ജ നയം സ്റ്റാര്‍മര്‍ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് ട്രംപ് ആരോപിച്ചു. നോര്‍ത്ത് സീ (വടക്കന്‍ കടല്‍) എണ്ണ ഖനന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സ്റ്റാര്‍മര്‍, രാജ്യത്തുടനീളം അനാവശ്യമായി കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിനെ ട്രംപ് പരിഹസിച്ചു. വടക്കന്‍ കടലിന്റെ വലിയൊരു ഭാഗം ബ്രിട്ടന്റെ പരിധിയിലുണ്ടായിട്ടും, പരിസ്ഥിതി സംരക്ഷണം എന്ന കാരണത്താല്‍ അവര്‍ അവിടെ എണ്ണ ഉത്പാദിപ്പിക്കുന്നില്ലെന്നും, സ്വന്തം വിഭവങ്ങള്‍ ഉപയോഗിക്കാതെ നോര്‍വേയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഊര്‍ജ്ജം വാങ്ങുന്നത് വിഡ്ഢിത്തമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര തലത്തില്‍, പ്രത്യേകിച്ച് നാറ്റോ സഖ്യത്തിലും ഇറാന്‍ വിഷയത്തിലും അമേരിക്കയ്ക്ക് നല്‍കേണ്ടിയിരുന്ന ശക്തമായ പിന്തുണ ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന കാര്യത്തിലും ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനായി സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളമായ ‘ആര്‍എഎഫ് അക്രോതിരി’ ഉപയോഗിക്കാന്‍ അമേരിക്ക അനുമതി തേടിയിരുന്നെങ്കിലും ഈ അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ സ്റ്റാര്‍മര്‍ വളരെയധികം സമയമെടുത്തു. അമേരിക്കന്‍ സൈന്യത്തിന് ലാന്‍ഡ് ചെയ്യാന്‍ താവളം നല്‍കില്ലെന്ന് സ്റ്റാര്‍മര്‍ ആദ്യം പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, പിന്നീട് നിലപാട് തിരുത്തിയെങ്കിലും ആ താമസം വലിയൊരു പാളിച്ചയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.

ഊര്‍ജ്ജ പ്രതിസന്ധി, കുടിയേറ്റം, വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയാണ് സ്റ്റാര്‍മര്‍ സ്വയം വരുത്തിവെച്ച വിനകളെന്ന് ട്രംപ് ആവര്‍ത്തിച്ചു. അടുത്തിടെ നടന്ന പ്രാദേശിക, ഉപതിരഞ്ഞെടുപ്പുകളിലെ ദയനീയമായ പരാജയമാണ് സ്റ്റാര്‍മറുടെ രാജിക്ക് പിന്നിലെ പ്രധാന കാരണം. മാസങ്ങളായി പാര്‍ട്ടിയിലെ നിയമസഭാംഗങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് അദ്ദേഹം നേരിട്ടത്. ആഭ്യന്തര ഭരണം പാളിയതോടെ അധികാരം നഷ്ടപ്പെട്ട സ്റ്റാര്‍മര്‍, ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താല്‍ക്കാലികമായി പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്ന് ജൂണ്‍ 22-നാണ് വ്യക്തമാക്കിയത്.

അതിനിടെ, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന്റെ മുന്‍ മേയറും മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവുമായ ആന്‍ഡി ബേണ്‍ഹാം പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുന്നതോടെ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പ്രവചിക്കുന്നത്. ബേണ്‍ഹാം അധികാരമേല്‍ക്കുകയാണെങ്കില്‍, രാഷ്ട്രീയ അസ്ഥിരതകള്‍ നിറഞ്ഞ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ബ്രിട്ടന്‍ ഭരിക്കുന്ന ഏഴാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം മാറും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!