ഡൽഹി: രാജ്യത്തെ റെസ്റ്റോറന്റുകൾക്കും ഹോട്ടൽ മേഖലയ്ക്കും ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (LPG) സിലിണ്ടറുകളുടെ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദേശം സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്.
പശ്ചിമേഷ്യൻ മേഖലയിൽ നിലനിന്ന സംഘർഷങ്ങളും അതിനെ തുടർന്നുണ്ടായ വിതരണ പ്രതിസന്ധിയുമാണ് രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യതയെ ബാധിച്ചത്. ഇതോടെ സർക്കാർ വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തതോടെ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ചെറുകിട, വൻകിട ഹോട്ടലുകളും റെസ്റ്റോറന്റുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
വിതരണ നിയന്ത്രണങ്ങൾ മൂലം ചില സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവയ്ക്കേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾക്ക് വീണ്ടും പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

വിവിധ രാജ്യങ്ങളിൽ നിന്ന് ആവശ്യത്തിന് എൽപിജി ശേഖരങ്ങൾ രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിൽ എത്തിച്ചേർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചത്. നിലവിൽ രാജ്യത്ത് ആവശ്യമായ അളവിൽ എൽപിജി ലഭ്യമാണെന്നും അടുത്ത ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം വാണിജ്യ സിലിണ്ടറുകൾ ലഭ്യമാകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം, വിതരണ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഇതുവരെ കുറവ് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലവർധന ഹോട്ടൽ ഭക്ഷണങ്ങളുടെ നിരക്കുകളിലും പ്രതിഫലിച്ചിരുന്നു. വിതരണം സാധാരണ നിലയിലാകുന്നതിനൊപ്പം സിലിണ്ടറുകളുടെ വിലയും കുറയുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയിലെ വ്യാപാരികൾ.
