ഓട്ടവ: ബാങ്ക് ഓഫ് കാനഡയിൽ പുതിയ തൊഴിൽ കരാറുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും യൂണിയനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ ആരംഭിച്ച സമരത്തിൽ ഓട്ടവയും മൺട്രിയോളും ഉൾപ്പെടെയുള്ള ഓഫീസുകളിലെ 63 സുരക്ഷാ ജീവനക്കാരാണ് പങ്കെടുക്കുന്നത്.
കാനഡയിലെ പൊതുമേഖലാ ജീവനക്കാരുടെ യൂണിയനായ ‘പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ’ (PSAC)യുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മൺട്രിയോൾ ഓഫീസിലെ ജീവനക്കാരെ മാനേജ്‌മെന്റ് ലോക്ക്ഔട്ട് ചെയ്തതായും യൂണിയൻ ആരോപിക്കുന്നു.
ജീവനക്കാരുടെ ഓവർടൈം വേതനം, അവധി ആനുകൂല്യങ്ങൾ എന്നിവ വെട്ടിക്കുറയ്ക്കാൻ ബാങ്ക് ശ്രമിച്ചതാണ് സമരത്തിന് പ്രധാന കാരണമായി യൂണിയൻ ചൂണ്ടിക്കാട്ടുന്നത്. പ്രസവാവധി ആനുകൂല്യങ്ങൾ കുറയ്ക്കാനുള്ള നിർദേശവും ചർച്ചകൾ പരാജയപ്പെടാൻ കാരണമായതായി യൂണിയൻ പറയുന്നു. ന്യായമായ വേതനം, സ്ഥിരതയുള്ള ജോലി സമയം എന്നിവ ഉറപ്പാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

അതേസമയം, സമരം തുടരുന്നതിനിടെ ജീവനക്കാരെ തിരികെ ജോലിക്ക് വിളിക്കാൻ ബാങ്ക് ശ്രമിക്കുന്നതായും സുരക്ഷാ ചുമതലകൾക്കായി സ്വകാര്യ കരാർ ഏജൻസിയെ നിയമിക്കാൻ നീക്കം നടക്കുന്നതായും യൂണിയൻ ആരോപിച്ചു.
തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട വിശദാംശങ്ങളിൽ ബാങ്ക് ഓഫ് കാനഡ മാനേജ്‌മെന്റ് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. എന്നാൽ രാജ്യത്തെ നിയമങ്ങൾ പാലിച്ച് ബാങ്കിന്റെ നിർണായക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. സമരം തുടരുന്ന സാഹചര്യത്തിൽ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലാകാനാണ് സാധ്യത.
