തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കപ്പെടാമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിഷയത്തിൽ ജനസമൂഹത്തിന്റെ അഭിപ്രായം പരിഗണിക്കുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും യുഡിഎഫ് അതിനോട് അനുകൂലമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി നിയമസഭയിൽ തന്നെ ഈ വിഷയം യുഡിഎഫിൽ ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതുജനാഭിപ്രായം നിർണായകമാണെന്നും നിലവിൽ ശക്തമായ പൊതുചർച്ച നടക്കുന്ന സാഹചര്യത്തിൽ സർക്കാരിന് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകേണ്ടി വരാമെന്ന സൂചനയും അദ്ദേഹം നൽകി.
അതേസമയം, നികുതിയിളവ് സംബന്ധിച്ച തീരുമാനത്തിൽ അന്തിമ തീരുമാനം ചർച്ചകൾക്കുശേഷം മാത്രമേ ഉണ്ടാകൂവെന്ന് യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എ. പി. അനിൽകുമാർ, കെ മുരളീധരൻ എന്നിവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ തിരുത്തലുകൾക്ക് സർക്കാർ തയ്യാറാകുമെന്ന് എ പി അനിൽകുമാറും പ്രതികരിച്ചു.

ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ജാഗ്രത പാലിക്കണം. ലഹരിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കരുതെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.
ധനബില്ല് മാറ്റമില്ലാതെ പാസാക്കണമോ എന്നതിൽ യുഡിഎഫിന്റെ അകത്തും ചർച്ചകൾ തുടരുന്നുണ്ട്. നികുതിയിളവ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ മുന്നണി യോഗം ഉടൻ ചേരും.
