മനാമ: ആഗോള സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനായി തുറന്നുനല്‍കേണ്ടത് അനിവാര്യമാണെന്ന് ജിസിസി-യു.എസ് സംയുക്ത പ്രസ്താവന. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ചേര്‍ന്ന ജിസിസി-യു.എസ് മന്ത്രിതല യോഗത്തിന് ശേഷമാണ് മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ അടങ്ങിയ സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയത്. ഇവിടെ യാതൊരുവിധ നികുതികളോ ഫീസുകളോ ഏര്‍പ്പെടുത്താനോ, പുതിയ നിയന്ത്രണങ്ങള്‍ സ്ഥാപിക്കാനോ ഉള്ള ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണ് ഈ സുപ്രധാന യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്, ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി എന്നിവരും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഇറാഖില്‍ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിക്കുകയും ചെയ്തു.

ഇറാനുമായി നടത്തുന്ന ഏതൊരു വ്യാപാര-നിക്ഷേപ ഇടപാടുകളും കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുമെന്നും ആവശ്യമെങ്കില്‍ ഇത് റദ്ദാക്കാവുന്നതാണെന്നും പ്രസ്താവനയില്‍ അടിവരയിടുന്നു. മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ ഇറാനില്‍ നിന്നുള്ള എല്ലാത്തരം ഭീഷണികളെയും ഒന്നിച്ച് നേരിടും. നിലവില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും താല്പര്യങ്ങളും പൂര്‍ണമായും സംരക്ഷിക്കപ്പെടണം. അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനും ഇറാന്‍ തയ്യാറാകണമെന്നും സംയുക്ത യോഗം ആവശ്യപ്പെട്ടു.
മേഖലയിലെ മറ്റ് തന്ത്രപ്രധാന വിഷയങ്ങളിലും യോഗം നിലപാട് വ്യക്തമാക്കി. സിറിയന്‍ ജനതയ്ക്ക് സുരക്ഷിതവും സുസ്ഥിരവുമായ രാജ്യം കെട്ടിപ്പടുക്കാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച നേതാക്കള്‍, ലെബനാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിച്ചു. അന്താരാഷ്ട്ര വാണിജ്യ ശൃംഖലയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സംയുക്ത നീക്കങ്ങള്‍ തുടരുമെന്നും അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രാലയ രാഷ്ട്രീയ ഉപദേശകന്‍ പ്രിന്‍സ് മുസ്അബ് ബിന്‍ മുഹമ്മദ് അല്‍ ഫര്‍ഹാന്‍, ബഹ്‌റൈനിലെ സൗദി അംബാസഡര്‍ നാഇഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരി, ഡോ. മനാല്‍ റദ്വാന്‍ എന്നിവരും സൗദി പ്രതിനിധി സംഘത്തോടൊപ്പം യോഗത്തില്‍ സംബന്ധിച്ചു.
