Friday, June 26, 2026

‘ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാദിയാക്കി, ജനപ്രതിനിധി മുതല്‍ പലരും കൂട്ടുനിന്നു’; കടുത്ത ആരോപണങ്ങളുമായി അന്‍സിബ

കൊച്ചി: സിനിമാ മേഖലയില്‍ തനിക്കെതിരെ നടക്കുന്ന കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും വേട്ടയാടലുകള്‍ക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍ രംഗത്ത്. തന്നെ ആദ്യം ‘മേത്തച്ചി’യായും പിന്നീട് ‘ജിഹാദി’യായും ചിത്രീകരിച്ച് മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അന്‍സിബ വെളിപ്പെടുത്തി. ഒരു ജനപ്രതിനിധി മുതല്‍ പലരും ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നുവെന്നും, എന്നാല്‍ ഇതെല്ലാം കഴിഞ്ഞിട്ട് ആ ജനപ്രതിനിധിയുടെ മകന്‍ തനിക്ക് ‘തളരരുത്’ എന്ന് സന്ദേശമയച്ചുവെന്നും താരം പറഞ്ഞു. വേട്ടയാടലുകള്‍ക്ക് അവസാനമില്ലെന്ന് അറിയാമെങ്കിലും പൊരുതാന്‍ തന്നെയാണ് തീരുമാനമെന്നും, ഇതുസംബന്ധിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍സിബ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

തന്റെ ഉള്ളിലെ കത്തിയെരിയുന്ന വേദന വാക്കുകള്‍ക്ക് അതീതമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അന്‍സിബ കുറിപ്പ് പങ്കുവെച്ചത്. ചാരുകസേരയില്‍ ഇരുന്ന് ചിലര്‍ തന്റെ സ്വഭാവഹത്യ നടത്തുകയാണെന്നും മഹാനടന്മാര്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ ഇതിന് പിന്നിലുണ്ടെന്നും താരം ആരോപിച്ചു. ഒടുവില്‍ തന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും തന്നെ തേജോവധം ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. ഇപ്പോള്‍ ആ ക്രൂരമായ വിരലുകള്‍ തന്റെ സുഹൃത്തുക്കളിലേക്കും നീളുകയാണ്. കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടിയുണ്ടെന്ന ചിന്ത പോലും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സമായില്ലെന്നും അന്‍സിബ കുറിപ്പില്‍ സങ്കടത്തോടെ പങ്കുവെച്ചു.

ലക്ഷങ്ങള്‍ ഒഴുക്കി പിആര്‍ ഏജന്‍സികളെക്കൊണ്ടാണ് തനിക്കെതിരെ ഇത്തരം ഗൂഢാലോചനകള്‍ മെനയുന്നതെന്നും ഇനിയും ആക്രമണങ്ങളും വേട്ടയാടലുകളും തുടരുമെന്ന് തനിക്ക് ഉറപ്പാണെന്നും അന്‍സിബ പറയുന്നു. എന്നാല്‍ തന്റെ സംഘടനയില്‍ താന്‍ ഉന്നയിച്ച, ഇതുവരെ ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ടെന്നും അവയെ എന്നെന്നേക്കുമായി മൗനമാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഈ പോരാട്ടം തുടരുന്നത് രാജ്യത്തിന്റെ നിയമത്തിലുള്ള വിശ്വാസം കൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ നല്‍കിയ പരാതിയിലൂടെ സത്യം വെളിച്ചത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അന്‍സിബ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!