Friday, June 26, 2026

വെനസ്വേല ഭൂകമ്പം: മരണസംഖ്യ 589 ആയി; മൂവായിരത്തോളം പേര്‍ക്ക് പരുക്ക്

കാരക്കാസ്: വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 589 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ മൂവായിരത്തിനടുത്ത് (2,980) ആളുകള്‍ക്ക് പരുക്കേറ്റതായും ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് വെനിസ്വേലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്.

തലസ്ഥാനമായ കാരക്കാസിന് വടക്കുള്ള തീരദേശ പ്രവിശ്യയായ ലാ ഗൈ്വറയെയാണ് (La Guaira) ദുരന്തം ഏറ്റവും മാരകമായി ബാധിച്ചത്. ഇവിടെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനും ഭക്ഷണവും വെള്ളവും കൃത്യമായി വിതരണം ചെയ്യുന്നതിനുമായി ലാ ഗൈ്വറ പ്രവിശ്യയില്‍ നിലവില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന വിമാനത്താവളം ഈ മേഖലയിലാണെന്നതും അത് തകര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ടതും അന്താരാഷ്ട്ര സഹായങ്ങള്‍ എത്തിക്കുന്നതിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വന്‍നഗരങ്ങളിലെ റോഡുകള്‍ പലതും വിണ്ടുകീറിയ നിലയിലാണ്. പലയിടങ്ങളിലും കനത്ത യന്ത്രസാമഗ്രികളുടെ അഭാവം മൂലം പ്രദേശവാസികള്‍ തന്നെയാണ് കൈകള്‍ കൊണ്ട് കോണ്‍ക്രീറ്റ് പാളികള്‍ മാറ്റി പ്രിയപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്. ഭൂചലനത്തെ തുടര്‍ന്ന് കമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍ തകരാറിലായതിനാല്‍ വിദേശത്തുള്ള വെനിസ്വേലന്‍ പൗരന്മാര്‍ക്ക് നാട്ടിലെ ബന്ധുക്കളെ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടനയുടെ (IOM) കണക്കനുസരിച്ച് കാരക്കാസിലെ 2 മില്യണ്‍ ആളുകള്‍ ഉള്‍പ്പെടെ വെനിസ്വേലയിലെ ഏകദേശം 6.76 മില്യണ്‍ ജനങ്ങളെ ഈ ദുരന്തം ബാധിച്ചിട്ടുണ്ടാകാം. തുടര്‍ചലനങ്ങളെ ഭയന്ന് ആയിരക്കണക്കിന് ആളുകളാണ് വീടുകളിലേക്ക് മടങ്ങാതെ പാര്‍ക്കുകളിലും തുറസ്സായ സ്ഥലങ്ങളിലും രാത്രി കഴിച്ചുകൂട്ടുന്നത്. ലോകമെമ്പാടുമുള്ള രക്ഷാപ്രവര്‍ത്തകര്‍ കാരക്കാസില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന അവസാനത്തെ ആളേയും ജീവനോടെ പുറത്തെടുക്കുന്നത് വരെ വിശ്രമമില്ലാതെ പോരാടുമെന്നും ഭരണകൂടം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!