ബാരി: പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൗത്ത് സിംകോ പോലീസ്. അടുത്തിടെയായി ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അടുത്തിടെ ഒരു വാഹനത്തില്‍ നിന്ന് 600 ഡോളര്‍ വിലവരുന്ന കണ്ണട മോഷ്ടിക്കുന്ന വ്യക്തിയുടെ ചിത്രം പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
അശ്രദ്ധമായി ലോക്ക് ചെയ്യാതെ ഇട്ടിട്ടു പോകുന്ന വാഹനങ്ങളും, പുറത്തുനിന്ന് നോക്കിയാല്‍ കാണാന്‍ പാകത്തില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ചിരിക്കുന്നതുമാണ് കള്ളന്മാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. സ്വന്തം വീട്ടുമുറ്റത്താണ് വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നതെങ്കില്‍ പോലും ഡോറുകള്‍ പൂര്‍ണ്ണമായും ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാഹനങ്ങളില്‍ സൂക്ഷിക്കാതിരിക്കാനും, അഥവാ ഉണ്ടെങ്കില്‍ തന്നെ അവ പുറത്തുനിന്ന് കാണാത്ത രീതിയില്‍ മാറ്റിവെക്കാനും പോലീസ് നിര്‍ദ്ദേശിക്കുന്നു.

വാഹനങ്ങളില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പായി വിന്‍ഡോകളും സണ്റൂഫുകളും പൂര്‍ണ്ണമായും അടച്ചിട്ടുണ്ടെന്ന് രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. രാത്രികാലങ്ങളില്‍ പരമാവധി വെളിച്ചമുള്ളതും ആളുകളുടെ ശ്രദ്ധയില്പ്പെടുന്നതുമായ സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക. പരിസരങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ ആരെങ്കിലും നടക്കുകയോ, നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലേക്ക് നോക്കുകയോ, ഡോര്‍ ഹാന്‍ഡിലുകള്‍ പരിശോധിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും വൈകാതെ പോലീസില്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
