റെജൈന: ഉച്ചഭാഷിണിയിലൂടെ വെള്ളിയാഴ്ചകളില്‍ നടത്തിയിരുന്ന പരസ്യമായ ബാങ്ക് വിളി (Call to prayer) താല്‍ക്കാലികമായി നിര്‍ത്തിവെച്ചു റെജൈനയിലെ മോസ്‌ക്. ശക്തമായ എതിര്‍പ്പും ഭീഷണികളും തുടര്‍ച്ചയായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഡൗണ്‍ടൗണ്‍ റെജൈനയിലെ ‘റെജൈന സിറ്റി ജാമിയ മസ്ജിദ്’ (Regina City Jamia Masjid) ഡയറക്ടറായ എം അനീസുര്‍ റഹ്‌മാന്‍ വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പള്ളിയുടെ മുകളില്‍ സ്ഥാപിച്ച ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികള്‍ ഉയര്‍ന്നതായും, ആഴ്ചയിലൊരിക്കലുള്ള ഈ ബാങ്ക് വിളിയില്‍ ചിലര്‍ രോഷാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഒരു പ്രാദേശിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് വന്നതോടെയാണ് വ്യാപകമായ പരാതികളും മോശം പ്രതികരണങ്ങളും വരാന്‍ തുടങ്ങിയത്. ‘സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളും ചില ഭീഷണികളും കാരണം ഒരു മുസ്ലിം എന്ന നിലയില്‍ ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതരായി അനുഭവപ്പെടുന്നില്ല,’ റഹ്‌മാന്‍ പറഞ്ഞു. തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി സമൂഹത്തിന് ബോധ്യപ്പെടുന്നത് വരെ ഇത് താല്‍ക്കാലികമായി നിര്‍ത്താന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

പൊലീസിന്റെയും നഗരസഭയുടെയും നിയമപരമായ അനുമതിയോടെയാണ് കഴിഞ്ഞ ആഴ്ച പള്ളിയില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി ആരംഭിച്ചത്. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഏകദേശം മൂന്ന് മിനിറ്റ് നീളുന്ന ബാങ്ക് വിളി നടത്താനായിരുന്നു പദ്ധതി. ഇതിനായി ജൂലൈ 10 വരെ സാധുതയുള്ള ശബ്ദാനുമതി പത്രവും (noise permit) പള്ളിക്ക് ലഭിച്ചിരുന്നുവെന്നും പളളി അധികൃതര്‍ വ്യ്ക്തമാക്കി.
ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ, മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ഗൗരവമായി കാണുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, പള്ളിക്ക് പിന്തുണയുമായി ക്രൈസ്തവ പുരോഹിതര്‍ രംഗത്തെത്തി. പള്ളിക്ക് തൊട്ടടുത്തുള്ള സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ കത്തീഡ്രലിലെ വൈദികനായ മൈക്ക് സിന്‍ക്ലെയര്‍ ബാങ്ക് വിളിയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്തു. ‘മറ്റ് മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനാ ശബ്ദങ്ങള്‍ എന്നെ അലോസരപ്പെടുത്തുന്നില്ല. ചര്‍ച്ചുകളിലെ മണികള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഇതിനെ കാണേണ്ടതില്ല,’ അദ്ദേഹം പറഞ്ഞു.
റോമന്‍ കാത്തലിക് ആര്‍ച്ച് ഡയോസിസ് ഓഫ് റെജൈനയും മുസ്ലിം സമൂഹത്തിനെതിരെയുള്ള എല്ലാത്തരം വിദ്വേഷപ്രചാരണങ്ങളെയും ശക്തമായി അപലപിച്ചു. വരും ദിവസങ്ങളില്‍ പ്രദേശത്തെ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഇടയില്‍ പള്ളി അധികൃതര്‍ സര്‍വേ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പൊതുജനങ്ങളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും 90 മുതല്‍ 95 ശതമാനം വരെ അനുകൂലമായ പ്രതികരണം ലഭിക്കുകയാണെങ്കില്‍ അടുത്ത മാസം മുതല്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി പുനരാരംഭിക്കുമെന്ന് അനീസുര്‍ റഹ്‌മാന്‍ അറിയിച്ചു.
