Sunday, June 28, 2026

കാനഡയുടെ ചരിത്രപ്രസിദ്ധമായ അഞ്ചാം ഡിവിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു; സൈനികരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റും

നോവസ്‌കോഷ: സായുധ സേനയെ ആധുനികീകരിക്കുന്നതിന്റെയും പുനഃസംഘടപ്പിക്കുന്നതിന്റെയും ഭാഗമായി കനേഡിയന്‍ ആര്‍മി തങ്ങളുടെ പ്രശസ്തമായ അഞ്ചാം ഡിവിഷന്റെ (5th Canadian Division) പ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു. ഹാലിഫാക്‌സിലെ എമേര ഓവലില്‍ സൈനികരും പൊതുജനങ്ങളും ഒത്തുചേര്‍ന്നാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.

നൂറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള അഞ്ചാം ഡിവിഷന്‍, പ്രത്യേക യൂണിഫോം അടയാളം കാരണം ‘മൈറ്റി മെറൂണ്‍ മെഷീന്‍’ (Mighty Maroon Machine) എന്നാണ് അറിയപ്പെട്ടിരുന്നത്. രണ്ട് ലോകമഹായുദ്ധങ്ങളില്‍ സജീവമായിരുന്ന ഈ ഡിവിഷന്‍, യുദ്ധങ്ങള്‍ അവസാനിച്ചപ്പോഴെല്ലാം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2013ലാണ് കനേഡിയന്‍ ആര്‍മി വീണ്ടും സജീവമാക്കിയത്. 2022-ലെ ഫിയോണ ചുഴലിക്കാറ്റ് പോലുള്ള ആഭ്യന്തര അടിയന്തര ഘട്ടങ്ങളിലും ലാത്വിയയിലെ അന്താരാഷ്ട്ര സൈനിക ദൗത്യങ്ങളിലെ പരിശീലനങ്ങളിലും ഈ ഡിവിഷന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഡിവിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും അറ്റ്‌ലാന്റിക് പ്രവിശ്യകളിലുള്ള സൈനിക യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും പിരിച്ചുവിടില്ലെന്നും, പകരം അവരെ സൈന്യത്തിലെ വിവിധ ഡിവിഷനുകളിലേക്ക് മാറ്റി വിന്യസിക്കുമെന്നും കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മാര്‍ക്ക് പാര്‍സണ്‍സ് വ്യക്തമാക്കി. പ്രാദേശിക അടിസ്ഥാനത്തിലുള്ള ഡിവിഷനുകളില്‍ നിന്ന് മാറി, നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന തരത്തിലാണ് സൈന്യത്തിന്റെ പുതിയ ഘടന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് കനേഡിയന്‍ സൈന്യത്തിന്റെ വലിയൊരു പരിവര്‍ത്തനമാണെന്ന് കനേഡിയന്‍ ആര്‍മി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ റൈറ്റും കൂട്ടിച്ചേര്‍ത്തു.

അഞ്ചാം ഡിവിഷനില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴും അറ്റ്‌ലാന്റിക് മേഖലയിലെ സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍ വലിയ തോതില്‍ വികസിപ്പിക്കാനാണ് കാനഡയുടെ തീരുമാനം. ന്യൂബ്രണ്‍സ്വിക്കിലെ ഗേജ്ടൗണ്‍ സൈനിക താവളത്തില്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനവും പരിശീലന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി 1 ബില്യണ്‍ ഡോളറിലധികം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഹാലിഫാക്‌സ് മേഖലയിലും ഗ്രീന്‍വുഡ് സൈനിക താവളത്തിലുമായി 2 ബില്യണ്‍ ഡോളറിലധികം പ്രതിരോധ മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2025-26) ഏകദേശം 63 ബില്യണ്‍ ഡോളറാണ് കാനഡ പ്രതിരോധ മേഖലയ്ക്കായി ചെലവിട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!