കാബൂള്‍: കറാച്ചിയിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാന് അതിര്‍ത്തി കടന്ന് വ്യോമാക്രമണവും കരസേനാനടപടിയുമായി പാക്കിസ്ഥാന്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ വിവിധ മേഖലകളില്‍ പാക് സൈന്യം നടത്തിയ കനത്ത ആക്രമണത്തില്‍ 29 ഭീകരരെ വധിച്ചതായി പാക്കിസ്ഥാന് ഔദ്യോഗികമായി അവകാശപ്പെട്ടു. എന്നാല്‍, പാക് സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്നും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം പ്രതികരിച്ചു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാര്‍ എന്നീ അതിര്‍ത്തി പ്രവിശ്യകളിലാണ് പാക്കിസ്ഥാന് കനത്ത വ്യോമാക്രമണം നടത്തിയത്. രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ നീക്കമെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി അത്തൗള്ള തരാര്‍ വ്യക്തമാക്കി. നിരോധിത സംഘടനയായ തെഹ്രീകെ താലിബാന് പാക്കിസ്ഥാന് (ടിടിപി), ജമാഅത്തുല്‍ അഹ്റാര്‍ എന്നിവരുടെ ഒളിത്താവളങ്ങളും ആയുധശേഖരങ്ങളുമാണ് തകര്‍ത്തതെന്നും 29 ഭീകരര്‍ കൊല്ലപ്പെട്ടതായും പാക് അധികൃതര്‍ അറിയിച്ചു.
അതേസമയം, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന് നടത്തിയത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് കുറ്റപ്പെടുത്തി. ജനവാസ മേഖലകളിലെ വീടുകള്‍ക്ക് നേരെയാണ് പാക് സൈന്യം ബോംബാക്രമണം നടത്തിയതെന്നും ഇതില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. പാക്കിസ്ഥാന്റെ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും താലിബാന് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ വാണിജ്യ നഗരമായ കറാച്ചിയില്‍ അര്‍ധസൈനിക വിഭാഗമായ സിന്ധ് റേഞ്ചേഴ്സിന്റെ ആസ്ഥാനത്തിന് നേരെ ഭീകരര്‍ കനത്ത ആക്രമണം നടത്തിയിരുന്നു. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തിലും ഒന്നര മണിക്കൂറോളം നീണ്ട വെടിവെയ്പ്പിലും നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് ഭീകരരെ വധിക്കുകയും പരിക്കേറ്റ ഒരു അഫ്ഗാന് സ്വദേശിയെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.
ഈ കറാച്ചി ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിടിപിയുടെ വിഭാഗമായ ജമാഅത്തുല്‍ അഹ്റാര്‍ ഏറ്റെടുത്തിരുന്നു. പാക്കിസ്ഥാനില്‍ നിരന്തരം ചോരപ്പുഴയൊഴുക്കുന്ന ടിടിപി ഭീകരര്‍ക്ക് അഫ്ഗാനിലെ താലിബാന് ഭരണകൂടം സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. ഇതേച്ചൊല്ലി 2025 ഒക്ടോബര്‍ മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ കടുത്ത അനിശ്ചിതത്വവും സൈനിക സംഘര്‍ഷവും നിലനില്‍ക്കുകയാണ്.
