Monday, June 29, 2026

കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നു: കാനഡയിലെ ചെറു നഗരങ്ങൾ പ്രതിസന്ധിയിൽ

ഓട്ടവ: കാനഡയിലെ കടുത്ത കുടിയേറ്റ നയങ്ങളെത്തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ചയ്ക്ക് ശേഷം ഇപ്പോള്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇത് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I) പോലുള്ള ചെറുകിട പ്രവിശ്യകളെയും ഗ്രാമീണ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, പി.ഇ.ഐയിലെ ജനസംഖ്യ തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ പ്രവിശ്യയിലേക്കുള്ള അന്താരാഷ്ട്ര കുടിയേറ്റത്തില്‍ 23 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കുടിയേറ്റ നിരക്കിലെ ഈ മന്ദഗതി പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ മാത്രം ഒതുങ്ങുന്നതല്ല. 2026-ന്റെ ആദ്യ പാദത്തില്‍ കാനഡയൊട്ടാകെയുള്ള ജനസംഖ്യയില്‍ 55,025 പേരുടെ കുറവുണ്ടായി. ഫെഡറല്‍ ഗവണ്‍മെന്റ് കുടിയേറ്റ ലക്ഷ്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് സ്ഥിരതാമസത്തിനായുള്ള (Permanent Immigration) കുടിയേറ്റം 20.2 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍, അഭയാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെയുള്ള താല്‍ക്കാലിക പദവിയുള്ളവരുടെ (Temporary Status) എണ്ണത്തിലുണ്ടായ കുറവാണ് ഈ ഇടിവിന് പ്രധാന കാരണം.

കുടിയേറ്റത്തിലുണ്ടായ ഈ കുറവ് പ്രവിശ്യാ തലസ്ഥാനമായ ചാര്‍ലറ്റ്ടൗണിന്റെ സമ്പദ്വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയതായി മേയര്‍ ഫിലിപ്പ് ബ്രൗണ്‍ ആശങ്ക പ്രകടിപ്പിച്ചു. വലിയ നഗരങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കാനഡയുടെ കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കിലും, അത് അത്‌ലാന്റിക് മേഖലയിലെ ചെറുകിട നഗരങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സാമ്പത്തികമായി മുന്നോട്ട് പോകാന്‍ ഇത്തരം നഗരങ്ങള്‍ക്ക് കുടിയേറ്റക്കാരുടെ തുറന്ന വാതിലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലുടമകള്‍ക്ക് ഇപ്പോഴും തൊഴിലാളികളെ ആവശ്യമുണ്ടെന്നും, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ സേവനങ്ങള്‍ നിലനിര്‍ത്താന്‍ ജനസംഖ്യ വര്‍ദ്ധിക്കേണ്ടതുണ്ടെന്നും ഇമിഗ്രന്റ് ആന്‍ഡ് റെഫ്യൂജി സര്‍വീസസ് അസോസിയേഷന്‍ ഓഫ് പി.ഇ.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡീന്‍ കോണ്‍സ്റ്റബിള്‍ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!