റിയാദ്: സൗദി അറേബ്യയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ സ്വദേശി തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ആകെ ജനസംഖ്യയിലെ തൊഴിലില്ലായ്മ നിരക്കും 3.1 ശതമാനമായി താഴ്ന്നു. ഇത് മുൻവർഷത്തേക്കാൾ 0.4 ശതമാനം കുറവാണ്. സൗദി വിഷൻ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും സ്വദേശിവൽക്കരണ നയങ്ങളും ഫലപ്രദമാകുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
ലിംഗാനുപാതത്തിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനവും സ്ത്രീകളുടേത് 7.2 ശതമാനവുമാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് സൗദി വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുൻ പാദത്തിലെ 10.3 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറഞ്ഞത് വനിതാ തൊഴിൽ മേഖലയിലെ ശ്രദ്ധേയമായ പുരോഗതിയാണെന്ന് വിലയിരുത്തപ്പെടുന്നു. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കും 5.6 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക തലത്തിൽ റിയാദിലാണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് — 3.9 ശതമാനം. കിഴക്കൻ പ്രവിശ്യയിൽ 5 ശതമാനവും അൽ ജൗഫിൽ 5.9 ശതമാനവുമാണ് രേഖപ്പെടുത്തിയത്. എന്നാൽ വടക്കൻ അതിർത്തി പ്രവിശ്യയിലാണ് ഏറ്റവും ഉയർന്ന നിരക്ക് — 9.9 ശതമാനം.
തൊഴിൽ അന്വേഷിക്കുന്നവരിൽ 74.6 ശതമാനം പേർ തൊഴിലുടമകളെ നേരിട്ട് സമീപിക്കുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നും, വലിയൊരു വിഭാഗം പേർ സ്വകാര്യ മേഖലയിലെ അവസരങ്ങളോട് കൂടുതൽ താൽപര്യം കാണിക്കുന്നതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
