മസ്കറ്റ്: ഒമാനും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധവും ഉഭയകക്ഷി സഹകരണവും ശക്തമാക്കുന്നതിന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയും കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായാണ് ഇന്നലെ ചർച്ച നടത്തിയത്.
പ്രാദേശിക സുരക്ഷ, സ്ഥിരത, സാമ്പത്തിക പുരോഗതി എന്നിവ ഉറപ്പാക്കുന്നതിന് നയതന്ത്ര ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കേണ്ടതുണ്ടെന്ന് ഇരു മന്ത്രിമാരും ചർച്ചയിൽ അഭിപ്രായപ്പെട്ടു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായി സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഒമാൻ സന്ദർശിച്ചിരുന്നു. ആ സന്ദർശനത്തിലെ ധാരണകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ചർച്ച നടന്നത്. സന്ദർശനത്തിൽ രൂപപ്പെട്ട കരാറുകളും ധാരണകളും മുന്നോട്ട് കൊണ്ടുപോകുക, രാഷ്ട്രീയ കൂടിയാലോചനകൾ ശക്തമാക്കുക, ഇരുരാജ്യങ്ങൾക്കും പ്രയോജനകരമായ മേഖലകളിൽ സഹകരണം വിപുലീകരിക്കുക എന്നിവയും ചർച്ചയിൽ ഉൾപ്പെട്ടു.
