തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് വിഷയത്തിൽ വിശദമായ പരിശോധന നടത്തുക.എംപവേർഡ് കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക. കരാറിലെ വ്യവസ്ഥകളും ബന്ധപ്പെട്ട നിയമപരമായ ഘടകങ്ങളും ഉൾപ്പെടുത്തി സമർപ്പിച്ച കത്താണ് സർക്കാർ പരിഗണിക്കുന്നത്.
അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ യൂറോപ്യൻ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയ്ക്ക് (MSC) കൈമാറാനുള്ള നീക്കമാണ് നിലവിലുള്ളത്. ഇതിന് മുൻകൂട്ടി സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചത്.
സാധാരണയായി സെബിയുടെ അനുമതി ലഭിച്ചതിന് ശേഷം ആറുമാസം വരെ സമയപരിധി ഉണ്ടെങ്കിലും, പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് അദാനി പോർട്സ് വേഗത്തിൽ കത്ത് സമർപ്പിച്ചതായാണ് റിപ്പോർട്ട്.ഓഹരി വിൽപ്പനയിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ് എന്ന് പ്രതിപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തുറമുഖത്തിൽ ഏറ്റവുമധികം ചരക്കുനീക്കം നടത്തുന്ന MSC പങ്കാളിയാകുന്നത് കുത്തക സാധ്യതകൾ സൃഷ്ടിക്കുമെന്ന ആശങ്കയും പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.

ഇതിനിടെ, ഓഹരി വിൽപ്പന സംബന്ധിച്ച് അദാനി പോർട്സ് സർക്കാർ അധികൃതരെ സമീപിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ മുൻ പ്രതികരണം. ഇതിന് പിന്നാലെയാണ് ഔദ്യോഗിക കത്ത് സർക്കാരിന് ലഭിച്ചത്. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട ഈ നീക്കം സംസ്ഥാനത്തിന്റെ നിക്ഷേപ നയത്തിലും തുറമുഖ മേഖലയുടെ ഭാവി നിയന്ത്രണങ്ങളിലും നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ.
