കെബെക്ക്: കെബെക്ക് പ്രവിശ്യയില്‍ ഭവന പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. ജൂലൈ 1 (Moving Day) കഴിഞ്ഞിട്ടും രണ്ടായിരത്തിലധികം കുടുംബങ്ങള്‍ ഭവനരഹിതരെന്ന് റിപ്പോര്‍ട്ട്. പ്രവിശ്യയിലെസൊസൈറ്റി ഡി ഹാബിറ്റേഷന്‍ ഡു ക്യൂബെക്കിന്റെ (Société d’habitation du Québec) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, വാടകയ്ക്ക് താമസിക്കുന്ന 2,039 കുടുംബങ്ങളാണ് നിലവില്‍ പുതിയ വീടുകള്‍ കണ്ടെത്താനായി ഹൗസിങ്് സെര്‍ച്ച് സര്‍വീസുകളുടെ സഹായം തേടി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഇത് 1,899 കുടുംബങ്ങളായിരുന്നു. ഇതില്‍ 476-ലധികം കുടുംബങ്ങള്‍ നിലവില്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളിലോ അല്ലെങ്കില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലോ ആണ് തങ്ങുന്നത്.
പ്രവിശ്യയില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും, സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വാടകയിലുള്ള വീടുകള്‍ ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വാടകക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ‘FRAPRU’ എന്ന സംഘടന ചൂണ്ടിക്കാണിക്കുന്നു. വെറുതെ പുതിയ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയത് കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും, വിപണിയിലെ ശരാശരി നിരക്കിനേക്കാള്‍ കുറഞ്ഞ വാടകയുള്ള വീടുകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടതെന്നും സംഘടനയുടെ വക്താവ് വെറോണിക് ലാഫ്‌ലാം പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തവണ മോണ്ടെറെജി (Montérégie) മേഖലയിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ ഭവനരഹിതരായത് (411 കുടുംബങ്ങള്‍). കെബെക്ക് സിറ്റിയില്‍ 299 കേസുകളും മണ്‍ട്രിയോളില്‍ 279 കേസ്സുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ വാടകക്കാരെ ഒഴുപ്പിക്കുന്നത് വര്‍ധിച്ചുവരികയാണെന്നും, മുന്‍സിപ്പാലിറ്റിയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ കഴിയുന്നവരില്‍ 35 ശതമാനത്തോളം പേര്‍ വാടക കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ഒഴുപ്പിക്കപ്പെട്ടവരാണെന്നും മണ്‍ട്രിയോള്‍ മേയര്‍ സുരയ്യ മാര്‍ട്ടിനെസ് ഫെറാഡ വ്യക്തമാക്കി.
പ്രവിശ്യാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഭവന പദ്ധതികള്‍ക്ക് അടുത്ത സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് FRAPRU ആവശ്യപ്പെട്ടു. നിലവിലെ ഭരണകക്ഷിയായ CAQ പരമ്പരാഗത സോഷ്യല്‍ ഹൗസിങ് പദ്ധതികളെ അവഗണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഈ ആരോപണങ്ങള്‍ ഭവന നിര്‍മ്മാണ മന്ത്രി കാരിന്‍ ബോയ്വിന്‍ റോയിയുടെ ഓഫീസ് നിഷേധിച്ചു. 2018 മുതല്‍ ഭവന മേഖലയില്‍ 11.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, ഇതിലൂടെ ആയിരക്കണക്കിന് കുറഞ്ഞ ചെലവിലുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും വക്താവ് അര്‍സ്ലാന്‍ ടിഫൗരി അറിയിച്ചു. വാടകക്കാരുടെ സംരക്ഷണത്തിനായി കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
